വാക്കാലുള്ള ഉറപ്പിന്മേൽ നൽകിയ കടം

ചോദ്യം: വാക്കാൽ നൽകിയ ഉറപ്പിന്മേൽ 2 ലക്ഷം രൂപയോളം ഒരു സുഹൃത്തിന്  കടം നൽകി, ഏഴ് വർഷമായി 'ഇന്ന് തരാം നാളെ തരാം' എന്ന് പറഞ്ഞ് സുഹൃത്ത് ഒഴിഞ്ഞു മാറുകയാണ്. നിയമപരമായി എന്ത് ചെയ്യാനാകും ?


വിശ്വാസത്തിന്റെ പേരിൽ സുഹൃത്തുക്കൾക്ക് പണം കടം കൊടുക്കുകയും, അത് തിരിച്ചു കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങളും വളരെ വലുതാണ്. സാമ്പത്തിക നഷ്ടത്തോടൊപ്പം നമ്മൾ ചതിക്കപ്പെട്ടു എന്ന മാനസിക വിഷമം കൂടി ചേരുമ്പോൾ പിന്നീട് ലോകത്ത് ഒരാളെയും വിശ്വസിക്കാൻ നമുക്ക് സാധിക്കില്ല.

👉 ​നിയമപരമായ സമയപരിധി: ലിമിറ്റേഷൻ ആക്റ്റ് പ്രകാരം  പണമിടപാടുമായി ബന്ധപ്പെട്ട സിവിൽ കേസ് ഫയൽ ചെയ്യുന്നതിന് ഇടപാട് കഴിഞ്ഞതിനു ശേഷം മൂന്ന് വർഷക്കാലമാണ് അനുവദിക്കപ്പെട്ടിട്ടുള്ള സമയപരിധി. നിങ്ങളുടെ കാര്യത്തിൽ, ഏഴ് വർഷം കഴിഞ്ഞതിനാൽ ഈ സമയപരിധി കഴിഞ്ഞിരിക്കുന്നു.
പക്ഷേ, നിയമത്തിൽ ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി എവിടെയെങ്കിലും മറഞ്ഞു കിടക്കുന്നുണ്ടാവും. അതൊന്ന് പരിശോധിക്കാം.

👉 ഇനി എന്തുചെയ്യണം? 
താങ്കളുടെ സുഹൃത്ത് ഇപ്പോഴും പണം തരാമെന്ന് പറയുന്ന സാഹചര്യത്തിൽ, നിയമപരമായി തന്നെ ഒരു പുതിയ 'സമയപരിധി' ഉണ്ടാക്കാൻ സാധിക്കുന്നതാണ്.

അതിനായി ​സുഹൃത്തിനെ നിരന്തരമായി ബന്ധപ്പെടുക. പണം തിരികെ നൽകാനുള്ള അയാളുടെ വാഗ്ദാനങ്ങൾ നിയമപരമായി രേഖപ്പെടുത്താവുന്ന തെളിവുകളാക്കി മാറ്റാൻ ശ്രമിക്കുകയാണ് വേണ്ടത്.  ​സുഹൃത്ത് പണം തരാമെന്ന് പറയുന്ന സാഹചര്യത്തിൽ, ഉറപ്പിന് വേണ്ടി ഒരു എഗ്രിമെൻറ് എങ്കിലും എഴുതി തരാൻ ആവശ്യപ്പെടുക.​ നിരന്തരമായ ശല്യവും നാണക്കേടും എല്ലാം കൂടുമ്പോൾ ഒരുപക്ഷേ സുഹൃത്ത് എഗ്രിമെൻറ് എഴുതിത്തരാൻ തയ്യാറായേക്കാം.

👉 ഈ കരാർ എഴുതി ഒപ്പിടുന്നതോടുകൂടി, ഈ കരാറിലെ അവസാന തീയതിക്ക് ശേഷമാണ് സിവിൽ കേസ് ഫയൽ ചെയ്യാനുള്ള പുതിയ മൂന്ന് വർഷത്തെ സമയപരിധി ആരംഭിക്കുന്നത്.

👉 ​ചെക്ക് :
ഈ തുകയ്ക്കുള്ള ഒരു ചെക്ക് കൂടി സാധിക്കുമെങ്കിൽ സുഹൃത്തിൽ നിന്നും ഒപ്പിട്ട് സംഖ്യയും തീയതിയും എല്ലാം എഴുതി കൈപ്പറ്റുക. ചെക്ക് കിട്ടുകയാണെങ്കിൽ, ചെക്കിന്റെ നമ്പറും തുകയും നിങ്ങൾ എഴുതി വാങ്ങുന്ന പുതിയ എഗ്രിമെൻ്റിൽ രേഖപ്പെടുത്താൻ മറക്കരുത്. അങ്ങനെ ചെക്ക് ലഭിച്ചാൽ അയാളുടെ അക്കൗണ്ടിൽ പണമുണ്ടെങ്കിൽ സ്വാഭാവികമായും താങ്കൾക്ക് പിൻവലിക്കാം.

👉 ഇനി പണമില്ലാതെ ചെക്ക് മടങ്ങുകയാണെങ്കിൽ (Cheque Bounce) അയാൾക്കെതിരെ ക്രിമിനൽ നടപടികളും താങ്കൾക്ക് ആരംഭിക്കാം. ചെക്ക് കേസ് ഒരു ക്രിമിനൽ സ്വഭാവമുള്ള കേസാണ്. പ്രകാരം ഒരു കേസ് ഫയൽ ചെയ്യുകയാണെങ്കിൽ അതിൽ അറസ്റ്റ് ഉണ്ടാവും. പ്രതി കോടതിയിൽ ഹാജരായി ജാമ്യം എടുക്കേണ്ടതായും വരും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ പണം വാങ്ങിയവർ നൽകിയില്ല എങ്കിലും അവരുടെ ബന്ധുക്കൾ എങ്ങനെയെങ്കിലും പണം നൽകാൻ ശ്രമിക്കും.
പണം ലഭിച്ചു കഴിഞ്ഞാൽ കേസ് പിൻവലിക്കാനും സാധിക്കും.

ഒരിക്കലും സ്വന്തമായി എഗ്രിമെൻറ് ഉണ്ടാക്കരുത്. നിയമപരമായ എല്ലാ പഴുതുകളും അടച്ചുവേണം കരാർ ഉണ്ടാക്കാൻ. നിയമപരമായി അറിവില്ലാത്തവരെക്കൊണ്ട് കരാർ എഴുതിച്ച് ഇനിയും കുഴപ്പങ്ങളിൽ ചാടാതിരിക്കുക. ഒരു അഭിഭാഷകന്റെ  സഹായത്തോടെ, ഈ വിഷയത്തിൽ വ്യക്തമായ നിയമോപദേശം തേടുകയും, നിയമപരമായി സാധുതയുള്ള ഒരു കരാർ എഴുതി വാങ്ങുകയും ചെയ്യുക.

- ​Adv Ahammed Sha

Comments