അതിർത്തി തർക്കവും നിയമനടപടികളും

ചോദ്യം:
അയൽവാസിയുമായുള്ള അതിർത്തി തർക്കത്തെ തുടർന്ന് വസ്തു അളക്കാൻ താലൂക്കിൽ നിന്നും സർവേയർ വന്നു. എന്നാൽ, വസ്തു അളന്ന് കുറ്റിയടിക്കുന്നതിന് അയൽവാസി തടസ്സം നിന്നു. തർക്കമുള്ളതിനാൽ അളവെടുക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞുകൊണ്ട് സർവേയർ തിരിച്ചുപോയി. ഇനി എന്തു ചെയ്യും ?




മറുപടി:
സർവ്വേ നടപടികൾക്ക് എതിർകക്ഷി തടസ്സം നിൽക്കുന്നതിനാൽ ഇനിയും സർവ്വേക്ക് അപേക്ഷിക്കുകയോ അതിനുമേൽ കൂടുതൽ നടപടിയെടുക്കുകയോ ചെയ്യുന്നതിൽ ഫലം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഈ സാഹചര്യത്തിൽ അതിർത്തി നിർണ്ണയിച്ചു  കിട്ടുന്നതിനായി സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ നിയമപരമായ മാർഗ്ഗം ബന്ധപ്പെട്ട മുൻസിഫ് കോടതിയിൽ അതിർത്തി നിർണ്ണയിച്ചു (Fixation of Boundary) കിട്ടുന്നതിനുവേണ്ടി ഒരു അന്യായം  ഫയൽ ചെയ്യുന്നതാണ്. അതോടൊപ്പം തന്നെ എതിർകക്ഷി വസ്തുവിലോ വസ്തുവിന്റെ അതിർത്തിയിലോ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു ഇടക്കാല ഇഞ്ജങ്ഷൻ ഹരജിയും ഫയലാക്കുക.

👉 അഡ്വക്കേറ്റ് കമ്മീഷണറെ നിയമിക്കൽ
കേസ് ഫയൽ ചെയ്ത ശേഷം, കോടതിയിൽ നിന്ന് ഒരു അഡ്വക്കേറ്റ് കമ്മീഷണറെ അയച്ചുകൊണ്ട് വസ്തു പരിശോധിക്കാൻ ആവശ്യപ്പെടാം.
ഈ കമ്മീഷണർ, താലൂക്ക് സർവെയറുടെ സഹായത്തോടെ വസ്തുവിന്റെ അതിരുകൾ, അളവുകൾ, സർവ്വേ രേഖകൾ, ആധാരം എന്നിവയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം കമ്മീഷണർ അതിന്റെ റിപ്പോർട്ടും പ്ലാനും കോടതിയിൽ സമർപ്പിക്കും.

👉 പോലീസ് സഹായം (ആവശ്യമെങ്കിൽ)
വസ്തു പരിശോധിക്കുന്നതിനും അളക്കുന്നതിനും എതിർകക്ഷി വീണ്ടും തടസ്സം നിൽക്കാൻ സാധ്യതയുണ്ടെന്ന് ആദ്യമേ തോന്നുകയാണെങ്കിൽ, വസ്തു പരിശോധിക്കുന്ന സമയത്ത് പോലീസിന്റെ സഹായം ഉറപ്പാക്കാൻ (Police Aid Order) മുൻസിഫ് കോടതിയിൽ ആവശ്യപ്പെടാവുന്നതാണ്.

👉 തടസ്സമുണ്ടാക്കിയാലുള്ള നടപടികൾ
കോടതി ഉത്തരവിട്ടിട്ടും, എതിർകക്ഷി അളവെടുക്കുന്നതിന് ഏതെങ്കിലും വിധത്തിൽ തടസ്സം നിന്നാൽ, എതിർകക്ഷിക്കെതിരെ സിവിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന് അധികാരമുണ്ട്.

👉 അതിർത്തി പുനർനിർണ്ണയം
അപ്രകാരം, വസ്തു പരിശോധിച്ചു ബഹുമാനപ്പെട്ട കോടതിയിൽ അഡ്വക്കേറ്റ് കമ്മീഷണർ ഹാജരാക്കുന്ന റിപ്പോർട്ടിന്റെയും പ്ലാനിന്റെയും അടിസ്ഥാനത്തിൽ, ബഹുമാനപ്പെട്ട കോടതി വസ്തുവിന്റെ അതിർത്തി കൃത്യമായി പുനർനിർണ്ണയിക്കുന്നതാണ്.

- Adv Ahammed Sha 

#advocate #lawyer #lawyerlife #vakilsahab #keralapolice #kerala

Comments