27 വർഷത്തെ ജയിൽവാസം, ഒടുവിൽ സുപ്രീം കോടതി വിധി, പ്രതികൾ രക്ഷപ്പെട്ടതോ, അതോ നിരപരാധികൾ ശിക്ഷിക്കപ്പെട്ടതോ?

കേസ്: മുഹമ്മദ് മുസ്ലിം v സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ്


1995 ആഗസ്റ്റ് 4. പുലർച്ചെ സമയം. ഉത്തർപ്രദേശിലെ റൂർ
ക്കിൽ സാധാരണക്കാരായ മനുഷ്യർ ഉണർന്നു വരുന്നതേയുള്ളൂ. അപ്പോഴാണ് റോഡിലൂടെ അൽതാഫ് എന്നയാൾ തന്റെ സൈക്കിളിൽ സർവ്വശക്തിയുമെടുത്ത് ആഞ്ഞു ചവിട്ടി പാഞ്ഞുപോയത്. ലക്ഷ്യം റൂർക് കൺസോളിഡേഷൻ ഓഫീസ്.

തൊട്ടുപിറകിലായി രണ്ട് സൈക്കിളുകളിലായി മകനും സഹോദരന്റെ മകനുമുണ്ട്. അയൽവാസിയായ മുഹമ്മദ് മുസ്ലിമുമായി വർഷങ്ങളായി തുടരുന്ന ഭൂമി തർക്കത്തിന് ഇന്നൊരു പരിഹാരം കാണണം, അതിനാണ് ഈ പാച്ചിൽ. അത് വെറുമൊരു സാധാരണ തർക്കമായിരുന്നില്ല, മുഹമ്മദിന്റെ മകൻ ശംഷാദുമായി പലപ്പോഴും തെരുവിൽ വെല്ലുവിളികളിലേക്ക് വരെ കാര്യങ്ങളെത്തിച്ചിരുന്നു. ഇനിയും വൈകിയാൽ അപകടമാണെന്ന് അൽതാഫിന് അറിയാമായിരുന്നു.

പക്ഷെ, വിധി മറ്റൊന്നായിരുന്നു.


റൂർക്കിന് തൊട്ടടുത്തുള്ള ജി.ഡി റോഡിലേക്ക് അൽതാഫ് തന്റെ സൈക്കിൾ തിരിച്ചു കയറ്റിയതേയുള്ളൂ. പെട്ടെന്നാണ് ആ കുറ്റിക്കാട്ടിൽ നിന്നും രണ്ടുപേർ ആയുധങ്ങളുമായി വന്യമൃഗങ്ങളെപ്പോലെ പാഞ്ഞടുത്തത്. കൈയിലിരുന്ന മഴുവും മറ്റു മാരകായുധങ്ങളുമായി അവർ അൽതാഫിന്റെ തലയിലും മുഖത്തും നെഞ്ചിലും ആഞ്ഞു കൊത്തി. ചോരയിൽ കുളിച്ച്, മരണവെപ്രാളത്തിൽ അൽതാഫ് നിലവിളിച്ചു.

തൊട്ടുപിറകിൽ സൈക്കിളിൽ വരികയായിരുന്ന മകനും സഹോദരപുത്രനും, ആ വഴി വന്ന താഹിർ, അഫ്സൽ എന്നിവരും ഓടിവരുന്നതുകണ്ട് അക്രമികൾ അടുത്തുള്ള കാട്ടിലേക്ക് ഓടിമറഞ്ഞു. അൽതാഫ് സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങി.


മകന്റെ പരാതിയിൽ മംഗളുരു പോലീസ് അന്നുതന്നെ FIR രജിസ്റ്റർ ചെയ്തു. ഇൻവെസ്റ്റിഗേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തുനിന്ന് ഒരു ജോഡി ഷൂ, ചെരിപ്പ്, പുതപ്പ്, സൈക്കിൾ എന്നിവ കസ്റ്റഡിയിലെടുത്തു. മൂന്നാം ദിവസം അൽതാഫിന്റെ അയൽവാസി മുഹമ്മദ് മുസ്ലിമിനെയും മകൻ ശംഷാദിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങളും കണ്ടെടുത്തു.



കേസ് വിചാരണ നടന്നു. "ഞങ്ങൾ നിരപരാധികളാണ്, അകാരണമായി തടവിലിട്ടിരിക്കുകയാണ്" എന്ന് പ്രതിഭാഗം വക്കീൽ എത്ര വാദിച്ചിട്ടും കോടതി കേട്ടില്ല. കൊലപാതകക്കുറ്റത്തിന് (IPC 302) അച്ഛനും മകനും കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചു. അവർ അഴികൾക്കുള്ളിലായി.


പക്ഷെ, കഥ തീർന്നില്ല യഥാർത്ഥ സംഭവങ്ങൾ തുടങ്ങുന്നത് വർഷങ്ങൾക്ക് ശേഷം ഈ കേസ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മുന്നിലെത്തിയപ്പോഴാണ്.


പോലീസിന്റെ തിരക്കഥ പൊളിച്ച സുപ്രീം കോടതിയുടെ 5 ചോദ്യങ്ങൾ 

അപ്പീൽ ഹർജി വിശദമായി പരിശോധിച്ച സുപ്രീം കോടതി പ്രോസിക്യൂഷനും പോലീസും കെട്ടിപ്പൊക്കിയ കേസിന്റെ അടിത്തറയിളക്കുന്ന 5 സുപ്രധാന കണ്ടെത്തലുകളാണ് നടത്തിയത്:

  1. പോലീസ് പറയുന്നത് കൊലപാതകം നടന്നത് രാവിലെ 9 മണിക്കാണെന്നാണ്. എങ്കിൽ ഉച്ചയ്ക്ക് മുൻപ് ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടക്കേണ്ടതാണ്. എന്നാൽ അൽതാഫിന്റെ മൃതദേഹം ആശുപത്രിയിൽ എത്തിയത് വൈകുന്നേരമാണ്. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോർട്ടം നടത്താത്തതിനാൽ പിറ്റേന്നാണ് ചെയ്തത്. അങ്ങനെയെങ്കിൽ കൊലപാതകം നടന്നത് രാവിലെയാണെന്ന പോലീസിന്റെ വാദം ശുദ്ധ അസംബന്ധമല്ലേ?

  2. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത പുതപ്പും സൈക്കിളും പ്രതികളുടേതാണെന്ന് വാദിച്ച പോലീസ്, അത് വിചാരണ വേളയിൽ കോടതിയിൽ ഹാജരാക്കുകയോ പ്രതികളെക്കൊണ്ട് തിരിച്ചറിയുകയോ ചെയ്തില്ല. പിന്നെന്തിനാണ് അത് കസ്റ്റഡിയിലെടുത്തത്?

  3. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് രാവിലെ 9 മണിക്കാണെന്ന് പോലീസ് പറയുന്നു. എന്നാൽ മകന്റെ മൊഴിപ്രകാരം അച്ഛൻ മരിക്കുന്നത് 9 മണിക്കും, മകൻ സ്റ്റേഷനിലെത്തി വിവരം പറയുന്നത് 9:50 നുമാണ്. 9:50-ന് സ്റ്റേഷനിലെത്തിയ പരാതിക്കാരന്റെ പേരിൽ എങ്ങനെ 9 മണിക്ക് FIR വരും? പോലീസ് നേരത്തെ തന്നെ FIR തയ്യാറാക്കി വെച്ചോ ?

  4. സ്വന്തം പിതാവിനെ കണ്ണുമുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊല്ലുമ്പോൾ തൊട്ടുപിറകിൽ സൈക്കിളിലുണ്ടായിരുന്ന മകനോ സഹോദരപുത്രനോ അൽതാഫിനെ രക്ഷിക്കാനോ പ്രതികളെ പിടിക്കാനോ ശ്രമിച്ചതായി ഒരു മൊഴിയുമില്ല. അതിൽ അസ്വാഭാവികത ഇല്ലേ ?

  5. അച്ഛൻ ചോര വാർന്നു കിടക്കുമ്പോൾ മകൻ നേരെ സ്റ്റേഷനിലേക്കും, മറ്റവൻ വീട്ടിലേക്കുമാണ് ഓടിയത്. അച്ഛനെ ആശുപത്രിയിലെത്തിക്കാൻ അവർ രണ്ടുപേരും ശ്രമിച്ചതേയില്ല, വിചിത്രമായി തോന്നുന്നില്ലേ ?


ഈ ഗുരുതരമായ ക്രമക്കേടുകളും സംശയങ്ങളും കണ്ട സുപ്രീം കോടതി പ്രോസിക്യൂഷൻ കേസ് പൂർണ്ണമായി തള്ളി. കുറ്റം തെളിയിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതിനാൽ 'സംശയത്തിന്റെ ആനുകൂല്യം' നൽകി, ദീർഘമായ 27 വർഷത്തെ ജയിൽവാസത്തിന് ശേഷം മുഹമ്മദിനെയും മകൻ ശംഷാദിനെയും സുപ്രീം കോടതി നിരുപാധികം വെറുതെ വിട്ടു.


ഈ കേസ് നമ്മുടെ നിയമവ്യവസ്ഥയ്ക്ക് മുന്നിൽ വലിയൊരു ചോദ്യചിഹ്നമാണ്. നേരിട്ട് ദൃക്സാക്ഷികളില്ലാത്ത കേസുകളിൽ സാഹചര്യത്തെളിവുകൾ (Circumstantial Evidence) എത്രത്തോളം കൃത്യമായിരിക്കണം എന്ന് ഈ വിധി പഠിപ്പിക്കുന്നു.

  • ഒരുപക്ഷെ മുഹമ്മദും മകനുമാണ് യഥാർത്ഥ പ്രതികളെങ്കിൽ, പോലീസിന്റെ മോശം അന്വേഷണം കാരണം അവർ ഇന്ന് രക്ഷപ്പെട്ടു. ഇത് കൊല്ലപ്പെട്ട അൽതാഫിനോട് ചെയ്ത നീതിനിഷേധമാണ്.

  • ഇനി അതല്ല, അവർ നിരപരാധികളായിരുന്നെങ്കിൽ, ഒരു തെറ്റും ചെയ്യാത്ത അച്ഛനും മകനും തങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട 27 വർഷങ്ങളാണ് ജയിലിനുള്ളിൽ ഹോമിച്ചത് അത് അതിനേക്കാൾ വലിയ നീതിനിഷേധമാണ്.


"ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്" എന്ന നമ്മുടെ നിയമത്തിന്റെ അടിസ്ഥാന തത്വം എത്രത്തോളം പ്രസക്തമാണെന്ന് ഈ കേസ് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.

- Adv Ahammed Sha

Comments