വണ്ടിക്ക് ഇൻഷുറൻസ് ഉള്ളതല്ലേ, പിന്നെ ഞാൻ എന്തിനാ സാറേ വെറുതെ കോടതിയിൽ കയറുന്നത്?
"കഴിഞ്ഞ വർഷം എന്റെ വണ്ടി ഒരു ഓട്ടോയിൽ ഇടിച്ചു, ഡ്രൈവർ മാത്രമേ ഉണ്ടായുള്ളൂ, പുള്ളിടെ കാലിനു അത്യാവശ്യം പരിക്കും പറ്റി, അയാൾ MACT കോടതിയിൽ കേസ് കൊടുത്തിരുന്നു. വണ്ടിക്ക് കൃത്യമായ ഇൻഷുറൻസ് ഉള്ളതുകൊണ്ട് കമ്പനി നോക്കിക്കോളും എന്ന് കരുതി ഞാൻ കോടതിയിൽ നിന്നുള്ള നോട്ടീസ് വന്നിട്ടും മൈൻഡ് ചെയ്യാൻ പോയില്ല, വക്കീലിനെയും വെച്ചില്ല. അതിന്റെ ആവശ്യമില്ലെന്ന് ഇൻഷുറൻസ് ഏജന്റും പറഞ്ഞു. ഇപ്പോൾ ഇതാ പരിക്കേറ്റയാൾക്ക് 2 ലക്ഷം രൂപ ഞാൻ കൊടുക്കണം എന്നും പറഞ്ഞ് കോടതി ഉത്തരവ് വന്നിരിക്കുന്നു. അതെന്താ അങ്ങനെ ?”
നമ്മുടെ നാട്ടിൽ ഭൂരിഭാഗം വണ്ടി ഉടമകൾക്കും ഡ്രൈവർമാർക്കും ഉള്ള മാരകമായ ഒരു തെറ്റിദ്ധാരണയാണിത്, "വണ്ടിക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ അപകടം നടന്നാലും നമ്മൾ ഒന്നും പേടിക്കേണ്ടതില്ല, കോടതിയിൽ പോകുകയോ സ്റ്റെമെന്റ്റ് കൊടുക്കുകയോ ഒന്നും വേണ്ട, എല്ലാം ഇൻഷുറൻസ് കമ്പനി നോക്കിക്കോളും.
അതെ. എല്ലാം അവർ നോക്കും, എങ്ങനെ അവരുടെ അക്കൗണ്ടിൽ നിന്നും ഒരു രൂപ പോലും പോകാതിരിക്കാം എന്ന് നോക്കും, എങ്ങനെ കുറ്റം മറുപക്ഷത്തെക്കിടാം എന്ന് നോക്കും. ഇൻഷുറൻസ് കമ്പനി എന്നത് ഒരു സർവീസ് ബിസിനസ് ആണ്. സേവനമല്ല .
ഇൻഷുറൻസ് കമ്പനിയുടെ വക്കീൽ കോടതിയിൽ ഹാജരാകുന്നത് അവരുടെ കമ്പനിയുടെ പണം ലാഭിക്കാൻ വേണ്ടിയാണ്, നിങ്ങൾക്ക് വേണ്ടി വാദിക്കാനല്ല. അതിനു വേണ്ടി വക്കീലിന് ലക്ഷങ്ങൾ കൊടുത്താലും അവർക്ക് നഷ്ടമില്ല, കാരണം അത് മറ്റനേകം കേസിൽ അവർക്ക് പിടിക്കാൻ പറ്റും.
ഇൻഷുറൻസ് കമ്പനി എന്താണെങ്കിലും കേസിനനുസരിച്ച് പല വാദങ്ങളും എടുക്കും, കോടതിയിൽ നിന്നുമുള്ള നോട്ടീസ് കിട്ടിയിട്ടും നിങ്ങൾ കോടതിയിൽ വരാതിരുന്നാൽ എന്താണെങ്കിലും ആരും എതിർക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് സാമാന്യ യുക്തിക്ക് നിരക്കുന്ന തരത്തിലുള്ള ചില സാങ്കേതിക വാദങ്ങളും ഇൻഷുറൻസ് കമ്പനി കോടതിയിൽ ഉന്നയിക്കും.
അതായത് "അപകടം നടക്കുമ്പോൾ ഡ്രൈവർക്ക് ലൈസൻസ് ഇല്ലായിരുന്നു എന്നോ, മനപ്പൂർവം വാഹനം ഇടിപ്പിച്ചതാണ് എന്നോ, വണ്ടിക്ക് പെർമിറ്റോ ഫിറ്റ്‌നസോ ഇല്ലായിരുന്നു എന്നോ, വണ്ടി ഉടമ ഇൻഷുറൻസ് പോളിസിയിലെ നിബന്ധനകൾ ലംഘിച്ചു എന്നോ, ഹെൽമെറ്റ് വെച്ചില്ലായിരുന്നു എന്നോ അങ്ങനെ പലവിധ വാദങ്ങളും എടുക്കും.
ചിലതൊക്കെ കോടതി തന്നെ രേഖകൾ പരിശോധിച്ചു പൊളിക്കും, പക്ഷെ എല്ലാത്തിലുമൊന്നും അത് സാധിക്കില്ല, നിങ്ങൾ കോടതിയിൽ ഇല്ലാത്തതുകൊണ്ട് തന്നെ ഈ വാദങ്ങളെ എതിർക്കാനോ നിങ്ങളുടെ ഭാഗം ന്യായീകരിക്കാനോ ആരുമുണ്ടാവുകയുമില്ല, അങ്ങനെയുള്ള സാഹചര്യങ്ങളിൽ കോടതി ഇത് വിശ്വസിക്കുകയും, തത്വത്തിൽ നിങ്ങൾക്കെതിരെ വിധിയാവുകയും ചെയ്യും.
അത്തരത്തിലുള്ള മിക്ക കേസുകളിലും പരിക്കേറ്റയാൾക്കുള്ള നഷ്ടപരിഹാരം ആദ്യം ഇൻഷുറൻസ് കമ്പനി നൽകണമെന്നും, പിന്നീട് ആ തുക കമ്പനിക്ക് വണ്ടി ഉടമയിൽ നിന്ന് ഈടാക്കാമെന്നും കോടതി ഉത്തരവിടും.
അതുകൊണ്ട് കോടതിയിൽനിന്നും നോട്ടീസ് കിട്ടിയാൽ ഉടനെത്തന്നെ ഒരു വക്കീലിനെ കണ്ട് വക്കാലത്ത് ഒപ്പിട്ടു നൽകുക.
അപകട സമയത്ത് കൃത്യമായ ലൈസൻസ്, ആർസി ബുക്ക്, ഇൻഷുറൻസ്, പെർമിറ്റ്, ഫിറ്റ്‌നസ് എന്നിവ ഉണ്ടായിരുന്നു എന്ന് കാണിച്ച് കോടതിയിൽ കൃത്യമായി 'Written Statement' (മറുപടി) ഫയൽ ചെയ്യുക. ഡ്രൈവർ മനഃപൂർവ്വം ചെയ്തതല്ലെന്നും, നിങ്ങൾക്ക് നിയമപരമായ എല്ലാ രേഖകളും ഉണ്ടായിരുന്നു എന്നും എന്തെങ്കിലും ബാധ്യത ഉണ്ടെങ്കിൽ തന്നെ അത് ഇൻഷുറൻസ് കമ്പനിക്കാണെന്നും കോടതിയെ ബോധ്യപ്പെടുത്തിയാൽ മാത്രമേ നഷ്ടപരിഹാരം നൽകാനുള്ള പൂർണ്ണ ബാധ്യത ഇൻഷുറൻസ്
കമ്പനികാവുകയുള്ളു.
Adv Ahammed Sha
#MACTCase #AccidentCompensation #InsuranceClaim #VehicleOwnerAlert #WrittenStatement #PayAndRecover #IntentionalAccident #CommonManLaw #MalayalamLawBlog

Comments
Post a Comment
Your comment is valuable for me.