CC 163/2025 കോട്ടയം കൺസ്യൂമർ കമ്മീഷൻ
ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നിമിഷങ്ങൾ എന്നെന്നേക്കുമായി ഒപ്പിയെടുക്കാൻ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫി സംഘത്തെ ഏൽപ്പിച്ച രണ്ട് ഡോക്ടർമാർക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെയും, ഒടുവിൽ അവർക്ക് ലഭിച്ച നീതിയുടെയും കഥയാണിത്.
26/02/2026 തീയതി ഒരു കേസിന്റെ ആവശ്യത്തിനായി കോട്ടയം കൺസ്യൂമർ കമ്മീഷനിലെത്തിയതാണ്. പൊതുവേ ശാന്തമായ അന്തരീക്ഷമാണ് കൺസ്യൂമർ കമ്മീഷനിൽ എപ്പോഴും എല്ലായിടത്തും. ഇവിടെയും അതുപോലെ തന്നെ.
സമയം കൃത്യം 11:00 ആയപ്പോൾ കമ്മീഷൻ പ്രസിഡണ്ടും അംഗങ്ങളും സീറ്റിൽ എത്തി. അഭിഭാഷകരും പരാതിക്കാരും എതിർകക്ഷികളുമായിട്ടുള്ള ഒരുപറ്റം ആളുകൾ തന്നെയുണ്ട് കോടതി മുറിക്കുള്ളിൽ.
കേസുകൾ ഓരോന്നായി വിളിച്ചു തുടങ്ങി, ബന്ധപ്പെട്ട ആളുകൾ അവർക്ക് പറയാനുള്ളത് കമ്മീഷനിൽ ബോധിപ്പിക്കുന്നുണ്ടായിരുന്നു.
അതിനിടക്കാണ് കേട്ട് പരിചിതമായ ഒരു സ്ഥാപനത്തിൻറെ പേര് വിളിച്ചു കേട്ടത്. CC 163/2025 Ostin Ummachan പരാതിക്കാർ, Piccolo Weddings എതിർകക്ഷികൾ.
Complaint Allowed എന്ന് മാത്രം പറഞ്ഞുകൊണ്ട് അടുത്ത കേസിലേക്ക് പോയി കോടതി. പരാതിക്കാരൻ നൽകിയ കേസ് പരാതിക്കാരന് അനുകൂലമായി വിധിയാകുമ്പോഴാണ് അത്തരത്തിൽ Complaint Allowed എന്ന് പറയാറുള്ളത്. അതായത് Piccolo Weddings ന് എതിരെ ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് അർത്ഥം.
എറണാകുളത്തെ പ്രശസ്തമായ വെഡിങ് ഫോട്ടോഗ്രാഫി
കമ്പനിയാണ് Piccolo Weddings, പ്രശസ്തമായ പല പരിപാടികളും കവർ ചെയ്തതായിട്ടും വാർത്തകളിലും മറ്റും കേട്ടിട്ടുണ്ട്.
ആ കമ്പനിക്കെതിരെ എന്ത് പരാതിയാണാവോ എന്ന് ആലോചിച്ചുകൊണ്ട് എൻറെ കേസ് വിളിക്കുന്നതും കാത്ത് ഞാനിരുന്നു. ഒടുവിൽ എൻറെ കേസ് വിളിച്ചു കഴിഞ്ഞിട്ടും മനസ്സ് മുഴുവൻ ആ CC 163/2025 ൽ ആയിരുന്നു.
അതുകൊണ്ടുതന്നെ തിരികെ ഓഫീസിൽ എത്തിയ ഉടനെ ആ കേസിന്റെ വിധി ഓൺലൈനിൽ നിന്നും ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്തു.
കേസിന്റെ വിധി പകർപ്പിലൂടെ പോയപ്പോൾ ഞാൻ മനസ്സിൽ കണ്ട Piccolo Weddings അല്ല യഥാർത്ഥത്തിൽ ഉള്ളതെന്ന് വ്യക്തമായി.
ഡോക്ടർമാരായ ദമ്പതികൾ ഓസ്റ്റിൻ ഉമ്മച്ചനും, കാവ്യാ സന്തോഷും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്നെന്നേക്കുമായി ഒപ്പിയെടുക്കാൻ തീരുമാനിച്ചതോടെയാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം.
ഇൻസ്റ്റാഗ്രാമിലെ വൈറലായ വീഡിയോകളും ആകർഷകമായ ഫോട്ടോകളും കണ്ട് ആകൃഷ്ടരായാണ് അവർ കൊച്ചിയിലെ 'Piccolo Weddings’ എന്ന സ്ഥാപനത്തെ സമീപിച്ചത്. 95,000 രൂപയുടെ "ബ്രൈഡ് ആൻഡ് ഗ്രൂം സൈഡ് പാക്കേജ്" തിരഞ്ഞെടുത്തു. ഹെലികാം ഷൂട്ടിംഗ്, കാൻഡിഡ് സിനിമറ്റോഗ്രഫി, വെഡ്ഡിംഗ് റീലുകൾ എന്നിങ്ങനെ വലിയൊരു വാഗ്ദാന പട്ടിക തന്നെ സ്ഥാപന ഉടമ അവർക്ക് നൽകിയിരുന്നു.
2024 മെയ് 19-ന് വിവാഹ ചടങ്ങുകൾ ആരംഭിച്ചു. എന്നാൽ ആഘോഷങ്ങൾക്കിടയിൽ ദമ്പതികൾ ഒരു കാര്യം ശ്രദ്ധിച്ചു, ബുക്കിംഗ് സമയത്ത് പറഞ്ഞ പല കാര്യങ്ങളും കാണാനില്ല. ആകാശത്ത് വട്ടമിട്ടു പറന്ന് ദൃശ്യങ്ങൾ പകർത്തേണ്ട ഹെലികാം അവർ കൊണ്ടുവന്നിട്ടുപോലുമില്ല. ചോദിച്ചപ്പോൾ പറയുന്നതെല്ലാം വൈരുദ്ധ്യമായ കാര്യങ്ങൾ.
പാക്കേജിലെ പ്രധാന ആകർഷണമായിരുന്ന ഹെലികാം (Helicam) കൊണ്ടുവരാതെ വന്ന ഫോട്ടോഗ്രാഫർമാരോട് സങ്കടം പറയുക അല്ലാതെ മറ്റു വഴികളില്ലായിരുന്നു അവർക്ക്. ഒരു വാക്കെങ്കിലും നേരത്തെ പറഞ്ഞിരുന്നെങ്കിൽ പകരം ക്രമീകരണങ്ങൾ നടത്തി എങ്ങനെയെങ്കിലും ഒപ്പിക്കാമായിരുന്നു. പക്ഷെ ഒരു വഴിയുമില്ല ഇനി.
എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. ആരംഭത്തിലുള്ള പ്രശ്നങ്ങളുടെ തുടക്കം പിന്നീട് ഒരു തുടർച്ചയായി വന്നു. . ജീവിതകാലം മുഴുവൻ സന്തോഷിക്കാനുള്ള ഒരു സുദിനം സ്വപ്നം കണ്ടവർക്ക് അത് ജീവിതകാലം മുഴുവൻ സങ്കടപ്പെടുത്തുന്ന ഓർമ്മകളുടെ ദിധമാക്കി മാറ്റിയവർ.
വിവാഹം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും തങ്ങളുടെ സന്തോഷ നിമിഷങ്ങളുടെ വീഡിയോകൾക്കായി ദമ്പതികൾക്ക് സ്ഥാപനത്തിന് പിന്നാലെ നടക്കേണ്ടി വന്നു. മാസങ്ങളോളം പിറകെ നടന്ന് കഷ്ടപ്പെട്ട് ഒടുവിൽ ലഭിച്ച ഔട്ട്പുട്ടുകൾ അവരെ കൂടുതൽ നിരാശരാക്കി:
പെൺവീട്ടിലെ 'മധുരം വെപ്പ്' പോലുള്ള സുപ്രധാന ചടങ്ങുകൾ ക്യാമറയിൽ പകർത്തിയിട്ടേ ഉണ്ടായിരുന്നില്ല. പല വീഡിയോകളും 'ഫയൽ എറർ' കാരണം കാണാൻ പോലും സാധിക്കാത്ത വിധം തകരാറിലായിരുന്നു.
മാത്രമല്ല വീഡിയോകൾക്കിടയിൽ കൃത്യമായ തുടർച്ചയില്ലായിരുന്നു, പല ഭാഗങ്ങളും പാതിവഴിയിൽ മുറിഞ്ഞുപോയതും അപൂർണ്ണമായതുമായിരുന്നു.
അഡ്വാൻസ് വാങ്ങുന്ന സമയം കമ്പനി വാഗ്ദാനം ചെയ്ത 3 വെഡ്ഡിംഗ് റീലുകൾ വിവാഹം കഴിഞ്ഞ് 2 വർഷമായിട്ട് ഇന്നുവരെയും ദമ്പതികൾക്ക് ലഭിച്ചിട്ടുമില്ല.
സേവനത്തിലെ ഈ ഗുരുതരമായ വീഴ്ചയെത്തുടർന്ന് ദമ്പതികൾ അഭിഭാഷകൻ വഴി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ 2025 മാർച്ച് 29-ന് ഔദ്യോഗികമായി പരാതി ഫയൽ ചെയ്തു. കമ്മീഷൻ എതിർകക്ഷിയായ കമ്പനിക്ക് നോട്ടീസ് അയച്ചെങ്കിലും അവർ ഹാജരാകാനോ വിശദീകരണം നൽകാനോ തയ്യാറായില്ല. പത്രപ്പരസ്യം വഴി നോട്ടീസ് നൽകിയിട്ടും സ്ഥാപനം നിശബ്ദത പാലിച്ചു.
തുടർന്ന് പരാതിക്കാർ ഹാജരാക്കിയ രേഖകളും, വിവാഹ വീഡിയോകൾ അടങ്ങിയ പെൻഡ്രൈവും കമ്മീഷൻ പരിശോധിച്ചു. പെൻഡ്രൈവ് തുറക്കാൻ പോലും സാധിക്കാത്ത വിധം തകരാറിലായിരുന്നു എന്നത് സേവനത്തിലെ അനാസ്ഥയ്ക്ക് വലിയ തെളിവായി മാറി.
എതിർകക്ഷികൾ ഹാജരാവാത്തതിനാൽ തന്നെ കമ്മീഷൻ പ്രസിഡന്റ് മനുലാൽ വി.എസ്, അംഗങ്ങളായ ബിന്ദു ആർ, കെ.എം. ആന്റോ എന്നിവർ ചേർന്ന് 2026 ഫെബ്രുവരി 26-ന് എക്സ് പാർട്ടി വിധി വിധി പുറപ്പെടുവിച്ചു.
"തങ്ങളുടെ ഹൃദയത്തോട് ചേർത്തുവെക്കാൻ ആഗ്രഹിച്ച വിവാഹ സ്മരണകൾ നഷ്ടപ്പെടുത്തിയ സ്ഥാപനത്തിന്റെ നടപടി അങ്ങേയറ്റം വേദനാജനകമാണ്," എന്ന നിരീക്ഷണത്തോടുകൂടിയാണ് ബഹുമാനപ്പെട്ട കൺസ്യൂമർ കമ്മീഷൻ മേപ്പടി വിധി അവസാനിപ്പിച്ചത്.
കൺസ്യൂമർ കമ്മീഷന്റെ വിധിപ്രകാരം പരാതിക്കാരായ ദമ്പതികൾ അഡ്വാൻസായി നൽകിയ 80,000 രൂപ 30 ദിവസത്തിനുള്ളിൽ എതിർകക്ഷി തിരികെ നൽകണം. കൂടാതെ പരാതിക്കാർക്കുണ്ടായ മാനസിക വിഷമങ്ങൾക്കും ദുരിതങ്ങൾക്കും പകരമായി എതിർകക്ഷി സ്ഥാപനം 2,50,000 രൂപ ദമ്പതികൾക്ക് നൽകുകയും വേണം.
മാത്രമല്ല മേപ്പടി കേസിന്റെയും മറ്റും കോടതി ചിലവുകൾക്കായി എതിർകക്ഷി പരാതിക്കാർക്ക് 10,000 രൂപ കൂടി അധികമായി നൽകുവാനും വിധിയിലുണ്ട്.
ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് ഈ വിധി വലിയൊരു ഓർമ്മപ്പെടുത്തലാണ്. ഇത്തരത്തിൽ പെട്ടുപോയി മിണ്ടാതിരിക്കുന്ന ഉപഭോക്താക്കൾക്ക് വലിയൊരു മാർഗ്ഗവുമാണ് ഈ വിധി.
_ Adv Ahammed Sha
Comments
Post a Comment
Your comment is valuable for me.