ക്രിമിനൽ കേസ് ഒത്തുതീർപ്പാക്കാൻ പറ്റുമോ?

ചോദ്യം:
എന്റെ പേരിൽ ഒരു ക്രിമിനൽ കേസ് നടക്കുന്നുണ്ട്. പരാതിക്കാരനുമായി സംസാരിച്ച് പ്രശ്നം തീർക്കാൻ എനിക്ക് താല്പര്യമുണ്ട്. പരാതിക്കാരനും ഇപ്പോൾ കേസ് ഒന്നും വേണ്ട എന്ന് നിലപാടാണ്.

മറുപടി:
നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയിൽ എല്ലാ കുറ്റകൃത്യങ്ങളും ശിക്ഷയിൽ തന്നെ അവസാനിക്കണമെന്ന് നിർബന്ധമില്ല. പരാതിക്കാരനും പ്രതിയും തമ്മിൽ സ്വമേധയാ ഒത്തുതീർപ്പിലെത്തുന്നതിനെയാണ് നിയമഭാഷയിൽ 'കോമ്പൗണ്ടിംഗ്' (Compounding of Offences) എന്ന് പറയുന്നത്.
ക്രിമിനൽ കേസുകൾക്കാണ് ഇത്തരത്തിൽ നിയമപുസ്തകത്തിൽ കോമ്പൗണ്ടിംഗ് എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളത്.
ഓരോ കുറ്റകൃത്യങ്ങളും വിവിധ കാറ്റഗറിയിൽ ഉൾപ്പെടുന്നതാണ്. ചിലത് ജാമ്യം ലഭിക്കുന്നത് ൺ, ചിലത് ജാമ്യം ലഭിക്കാത്തത് , ഒത്തുതീർപ്പാക്കാവുന്നത്, ഒത്തുതീർപ്പാക്കാൻ സാധിക്കാത്തത്, പോലീസിന് നേരിട്ട് കേസെടുക്കാൻ സാധിക്കുന്നത്, സാധിക്കാത്തത്, അങ്ങനെ നിരവധി കാറ്റഗറികളിലാണ് ഓരോ കുറ്റകൃത്യവും.
അതിൽ ഒത്തുതീർപ്പാക്കാൻ പറ്റാവുന്ന കുറ്റകൃത്യങ്ങൾ കോമ്പൗണ്ടബിൾ എന്ന കാറ്റഗറിയിൽ വരുന്നതാണ്.
👉 എല്ലാ കേസുകളും ഒത്തുതീർപ്പാക്കാൻ പറ്റുമോ?
ഇല്ല എന്നതാണ് ഉത്തരം. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നിയമം ഇവയെ രണ്ടായി തിരിച്ചിരിക്കുന്നു.
Compoundable Offences:
ചെറിയ വാക്കേറ്റം, മാനനഷ്ടം, ചതി, വിശ്വാസവഞ്ചന തുടങ്ങിയ വ്യക്തിപരമായ തർക്കങ്ങൾ പരാതിക്കാരൻ സമ്മതിച്ചാൽ കോടതിയുടെ അനുമതിയോടെയോ അല്ലാതെയോ ഒത്തുതീർപ്പാക്കാം. അതായത് നേരിട്ട് ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന കുറ്റകൃത്യങ്ങൾ ആണ് കൂടുതലും ഇത്തരത്തിൽ ഒത്തുതീർപ്പാക്കാൻ സാധിക്കുന്നത്.
Non-Compoundable Offences: കൊലപാതകം, ബലാത്സംഗം, സ്ത്രീധന പീഡനം, ലഹരിമരുന്ന് കേസുകൾ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ഒരു കാരണവശാലും കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ കഴിയില്ല. കാരണം ഇത്തരം കുറ്റങ്ങൾ ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത് , സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്നതായാണ് നിയമം കണക്കാക്കുന്നത്.
👉 ഒത്തുതീർപ്പാക്കിയാൽ എന്ത് സംഭവിക്കും?
ഒരു കേസ് വിജയകരമായി കോമ്പൗണ്ട് ചെയ്താൽ കോടതി പ്രതിയെ 'വിട്ടയച്ചതായി' (Acquittal) ഉത്തരവിടും. ഇതിനർത്ഥം നിങ്ങൾ ആ കുറ്റം ചെയ്തിട്ടില്ല എന്ന് നിയമം ഉറപ്പിക്കുന്നു എന്നാണ്. ഇത് നിങ്ങളുടെ ക്രിമിനൽ റെക്കോർഡിനെ ബാധിക്കില്ലാത്തതിനാൽ ഭാവിയിൽ സർക്കാർ ജോലിക്കോ, പാസ്‌പോർട്ട് ആവശ്യങ്ങൾക്കോ, പി.സി.സി (PCC) ലഭിക്കാനോ യാതൊരു തടസ്സവും ഉണ്ടാകില്ല.
👉 കോടതിയുടെ അനുവാദം വേണോ?
ചില കേസുകൾ പരാതിക്കാരൻ സമ്മതിച്ചാൽ നേരിട്ട് ഒത്തുതീർപ്പാക്കാം. എന്നാൽ ചില കേസുകൾ ഒത്തുതീർപ്പിനായി കോടതിയുടെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തി എന്ന് ബോധ്യപ്പെട്ടാൽ കോടതി വിചാരണ കൂടാതെ തന്നെ കേസ് അവസാനിപ്പിക്കും.
ദീർഘകാലം വിചാരണ നേരിട്ട് മാനസികമായും സാമ്പത്തികമായും തളരുന്നതിനേക്കാൾ നല്ലത്, നിയമം അനുവദിക്കുന്ന സാഹചര്യമാണെങ്കിൽ ഒരു മികച്ച അഭിഭാഷകന്റെ സഹായത്തോടെ കേസ് കോമ്പൗണ്ട് ചെയ്ത് ജീവിതം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകുന്നതാണ്.
കോമ്പൗണ്ടബിൾ അല്ലാത്ത കേസുകളിലും കേസ് ഒത്തുതീർപ്പാക്കുന്നതിനും മറ്റും ചില മാർഗങ്ങളുണ്ട്. മാത്രമല്ല കേസ് കോമ്പൗണ്ട് ചെയ്യേണ്ട വ്യക്തി മൈനർ ആവുകയോ, മരണപ്പെടുകയോ ചെയ്താൽ എന്താണ് നടപടി എന്നും എല്ലാം വരും ദിവസങ്ങളിൽ എഴുതാം.
- Adv Ahammed Sha

Comments