മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടോ? ഭയപ്പെടരുത്, നിയമം നിങ്ങളുടെ കൂടെയുണ്ട്.
ആരോ എന്റെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. ഞാൻ എന്ത് ചെയ്യണം? ആത്മഹത്യയുടെ വക്കിലാണ്.
മറുപടി:
സമാധാനമായിരിക്കുക, നിയമം നിങ്ങളുടെ കൂടെയുണ്ട്. നിങ്ങൾക്കെതിരെ ചെയ്ത ഈ തെറ്റിന് അയാൾ തീർച്ചയായും നിയമത്തിനു മുന്നിൽ മറുപടി പറയേണ്ടതായി വരും. നിങ്ങൾക്ക് നീതി ലഭിക്കും.
സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം അതിക്രമങ്ങൾ ഒരാളുടെ അന്തസ്സിനെയും സ്വകാര്യതയെയും തകർക്കുന്ന ക്രൂരമായ കുറ്റകൃത്യമാണ്. ഇരയാക്കപ്പെട്ട താങ്കൾ ഇതിൽ യാതൊരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ നാണക്കേട് ഓർത്തോ ഭയന്നോ മിണ്ടാതിരിക്കരുത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ചിത്രങ്ങൾ നീക്കം ചെയ്യാനും നമ്മുടെ നിയമത്തിൽ ഒരുപാട് മാർഗങ്ങളുണ്ട്. ഓരോന്നായി പറഞ്ഞുതരാം.
1. തെളിവുകൾ ശേഖരിക്കുക:
ആദ്യം ചെയ്യേണ്ടത് ഇത്തരം ചിത്രങ്ങളുടെയും അത് പ്രചരിപ്പിച്ച പ്രൊഫൈലുകളുടെയും സ്ക്രീൻഷോട്ടുകൾ എടുക്കുക എന്നതാണ്. ആ പോസ്റ്റിന്റെയും പ്രൊഫൈലിന്റെയും URL കോപ്പി ചെയ്തു വെക്കുക. കമന്റുകൾ ഉണ്ടെങ്കിൽ അവയുടെയും സ്ക്രീൻഷോട്ട് എടുക്കുക. പിന്നീട് പരാതിപ്പെടുന്ന സാഹചര്യത്തിലും പ്രതിയെ കണ്ടെത്താനും ഇത്തരം ഡിജിറ്റൽ തെളിവുകൾ അത്യന്താപേക്ഷിതമാണ്.
2. പോലീസിൽ പരാതി നൽകുക:
അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ നേരിട്ട് സൈബർ സെല്ലിലോ പരാതി നൽകാം. കൂടാതെ, www.cybercrime.gov.in
എന്ന ഗവൺമെന്റ് പോർട്ടൽ വഴി ഓൺലൈനായും പരാതി രജിസ്റ്റർ ചെയ്യാം. പരാതി നൽകുമ്പോൾ ആവശ്യമെങ്കിൽ നിങ്ങളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കാനും നിയമമുണ്ട്.
3. റിപ്പോർട്ട് ചെയ്യുക:
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും 'Report Inappropriate Content' , 'Report' അല്ലെങ്കിൽ 'Privacy Violation' എന്ന ഓപ്ഷൻ ഉണ്ട്.
അത് ഉപയോഗിച്ച് പരാതിപ്പെടുക. അത്തരത്തിൽ പരാതിപ്പെട്ടാൽ തന്നെ മോർഫ് ചെയ്ത ചിത്രങ്ങൾ നീക്കം ചെയ്യാൻ ആ സോഷ്യൽ മീഡിയ കമ്പനികൾ ബാധ്യസ്ഥരാണ്.
4. DMCA Takedown:
മേൽപറഞ്ഞ കാര്യങ്ങൾ ചെയ്തിട്ടും ഒന്നും നീക്കം ചെയ്തില്ല എങ്കിൽ നിങ്ങൾക്ക് അടുത്തതായി സംരക്ഷണം നൽകുന്ന ഒരു നിയമമാണ് ഡിഎംസിഎ . ഇതൊരു ആഗോളതലത്തിൽ നിലവിലുള്ള നിയമമാണ്.
നിങ്ങളുടെ ചിത്രങ്ങൾ നിങ്ങളുടെ അനുവാദമില്ലാതെ (അത് മോർഫ് ചെയ്തതാണെങ്കിൽ പോലും) പ്രചരിപ്പിക്കുന്നത് പകർപ്പവകാശ ലംഘനവും സ്വകാര്യതാ ലംഘനവുമാണ്. Digital Millennium Copyright Act (DMCA) പ്രകാരം ഗൂഗിൾ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ തലത്തിൽ പ്രവർത്തിക്കുന്നതും, അത്തരത്തിൽ Domain ഉപയോഗിക്കുന്നതുമായ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകാം.
അത്തരത്തിൽ നോട്ടീസ് നൽകിയാൽ 24 മുതൽ 72 മണിക്കൂറിനുള്ളിൽ ആ ചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യാൻ ആ കമ്പനികൾ ബാധ്യസ്ഥരാണ്. ഗൂഗിൾ സെർച്ചിൽ നിന്ന് പോലും ഇത്തരം ലിങ്കുകൾ നീക്കം ചെയ്യാൻ ഇതുവഴി സാധിക്കും.
5. നിയമവകുപ്പുകൾ :
Section 66E (IT Act): ഒരാളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തുന്നതും മൂന്നുവർഷം വരെ തടവോ രണ്ട് ലക്ഷം രൂപ പിഴയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് .
Section 67 & 67A (IT Act): അശ്ലീല ദൃശ്യങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ പ്രചരിപ്പിക്കുന്നത് 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
കൂടാതെ ഭാരതീയ ന്യായ സംഹിത, കേരള പോലീസ് ആക്ട്, പോക്സോ ആക്ട് തുടങ്ങിയ വിവിധ നിയമങ്ങൾ പ്രകാരവും ഇത്തരത്തിൽ സൈബർ ഇടങ്ങളിൽ പൗരൻ മാർക്ക് സംരക്ഷണം നൽകുന്നുണ്ട്.
ഓർക്കുക നാണക്കേടും മറ്റും വിചാരിച്ച് നിങ്ങൾ പാലിക്കുന്ന നിശബ്ദത കുറ്റവാളികൾക്ക് കരുത്ത് നൽകും. നിങ്ങൾ ഇരയല്ല, പോരാളിയാണ്. നിയമപരമായ മാർഗ്ഗത്തിലൂടെ കുറ്റവാളികളെ നേരിടുക.
- Adv Ahammed Sha
Comments
Post a Comment
Your comment is valuable for me.