കൂട്ടാവകാശികളുള്ള വസ്തു വിൽക്കാൻ എല്ലാവരും ഒപ്പിടണോ ?

ഒന്നിലധികം അവകാശികളുള്ള (Joint Owners/Heirs) ഒരു വസ്തു വിൽക്കുമ്പോൾ പലപ്പോഴും ഉണ്ടാകുന്ന രണ്ട് സംശയങ്ങളാണ്:
1. ​എല്ലാവരും ഒപ്പിട്ടില്ലെങ്കിൽ വിൽപന നടക്കുമോ?​
2. അവകാശികളിൽ ഒരാൾ വിദേശത്താണെങ്കിൽ എന്ത് ചെയ്യും?

ഇതിനെക്കുറിച്ച് നിയമപരമായ ഒരു വ്യക്തത നൽകാം ​;
1. എല്ലാ അവകാശികളും ഒപ്പിടണമെന്നുണ്ടോ?
​ഇല്ല. ഉദാഹരണത്തിന്, 5 അവകാശികളുള്ള ഒരു വസ്തുവിൽ 4 പേർ മാത്രം വിൽക്കാൻ തയ്യാറാണെങ്കിൽ, ആ 4 പേരുടെ അവകാശം (Share) മാത്രം മറ്റൊരാൾക്ക് എഴുതി നൽകാം. ഇത് നിയമപരമായി പൂർണ്ണമായും സാധുവാണ്.

​2. ഒരാൾ വിദേശത്താണെങ്കിൽ എന്ത് ചെയ്യും?
​വസ്തു വിൽക്കുന്ന സമയത്ത് അവകാശികളിൽ ഒരാൾ വിദേശത്താണെങ്കിൽ രണ്ട് രീതിയിൽ ഇത് കൈകാര്യം ചെയ്യാം:
👉 ​മുക്ത്യാർ (Power of Attorney): വിദേശത്തുള്ള ആൾക്ക് നാട്ടിലുള്ള വിശ്വസ്തനായ ഒരാളെ തന്റെ പേരിൽ ഒപ്പിടാൻ ചുമതലപ്പെടുത്തിക്കൊണ്ട് 'മുക്ത്യാർ' നൽകാം. വസ്തു വിൽപ്പന സമയത്ത് മറ്റു അവകാശികളോടൊപ്പം മേൽപ്പറഞ്ഞ ​മുക്ത്യാർ ഏജന്റ് കൂടി ഒപ്പിട്ടാൽ മതി. എങ്കിൽ ആ വസ്തുവിന്റെ 100% അവകാശവും വാങ്ങുന്നയാൾക്ക് ലഭിക്കും.

👉 ഓഹരി വിൽപന: വിദേശത്തുള്ള ആൾ അതിന് തയ്യാറല്ലെങ്കിലോ, മുക്ത്യാർ അയക്കാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കിലോ, നാട്ടിലുള്ള ബാക്കി അവകാശികൾക്ക് അവരുടെ ഓഹരി മാത്രം വിൽക്കാം.
എന്നാൽ ​ചില അവകാശികൾ മാത്രം ഒപ്പിട്ട് വാങ്ങുന്ന ആധാരത്തിലൂടെ, വാങ്ങുന്ന വ്യക്തിക്ക് ആ വസ്തുവിന്റെ അവിഭക്ത ഓഹരി (Undivided Share) മാത്രമേ ലഭിക്കുകയുള്ളൂ. ഇതിന്റെ അനന്തരഫലങ്ങൾ താഴെ പറയുന്നവയാണ്:
👉​ കൂട്ടുടമസ്ഥത: വസ്തു വാങ്ങിയ വ്യക്തിയും, ഒപ്പിടാത്ത/വിദേശത്തുള്ള അവകാശിയും ആ വസ്തുവിന്റെ പുതിയ കൂട്ടാവകാശികൾ (Co-owners) ആയി മാറും.

​👉 അളന്നു തിരിക്കൽ: കൃത്യമായി അളന്നു തിരിക്കുന്നത് വരെ (Partition), വസ്തുവിന്റെ ഏത് ഭാഗത്താണ് അവകാശം എന്ന് പറയാൻ കഴിയില്ല. അതിർത്തി തിരിച്ച് മതിൽ കെട്ടാനോ, വസ്തുവിൽ വീട് പണിയാനോ, തനിച്ച് അനുഭവിക്കാനോ മറ്റോ സാധിക്കില്ല.

👉 ​പരിഹാരം: പിന്നീട് പൂർണ്ണ അവകാശം ലഭിക്കാൻ, ബാക്കിയുള്ള അവകാശിയുമായി ചേർന്ന് 'ഭാഗപത്രം' എഴുതുകയോ, അല്ലെങ്കിൽ കോടതി വഴി Partition Case കൊടുത്ത് തന്റെ ഭാഗം അളന്നു തിരിക്കുകയോ ചെയ്യേണ്ടി വരും.

​ചുരുക്കിപ്പറഞ്ഞാൽ കൂട്ടവകാശ വസ്തു വിൽപ്പനയിൽ ഒരാൾ ഒപ്പിട്ടില്ലെങ്കിലും,  ബാക്കിയുള്ളവർക്ക് തങ്ങളുടെ ഭാഗം വിൽക്കാം. പക്ഷേ, വാങ്ങുന്നയാൾക്ക് ആ വസ്തുവിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ലഭിക്കില്ല, മറിച്ച് ഒരു  Joint Ownership മാത്രമേ ലഭിക്കുകയുള്ളൂ.

- Adv Ahammed Sha

Comments