മരണപ്പെട്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുകൾക്ക് എന്ത് സംഭവിക്കുന്നു ?

ഒരു വ്യക്തി മരണപ്പെടുമ്പോൾ, അദ്ദേഹത്തിന്റെ പേരിൽ ബാങ്കിൽ നിലവിലുള്ള സേവിങ്‌സ് അക്കൗണ്ടുകൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ, ലോക്കറുകൾ തുടങ്ങിയവയുടെ നിയമപരമായ കൈമാറ്റം ഒരു പ്രധാന വിഷയമാണ്. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ അവകാശികൾക്ക് പണം ലഭിക്കാൻ കാലതാമസമുണ്ടാവുകയും തർക്കങ്ങൾ ഉണ്ടാകുകയും ചെയ്യാം.

👉 മരണവിവരം ബാങ്കിൽ അറിയിക്കുക:
മരണപ്പെട്ട വ്യക്തിയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ബാങ്ക് ശാഖയെ മരണവിവരം എത്രയും പെട്ടെന്ന് അറിയിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആദ്യപടി.
ഉത്തരവാദിത്തപ്പെട്ടവർ മരണവിവരം അറിയിക്കുന്നതോടുകൂടി ബാങ്ക് ഉടൻ തന്നെ അക്കൗണ്ടിലെ എല്ലാ ഇടപാടുകളും (ATM പിൻവലിക്കൽ, ഓൺലൈൻ ട്രാൻസ്ഫറുകൾ) മരവിപ്പിക്കുന്നതാണ്. ബാങ്കിൽ നിന്നും വല്ല രേഖയും ആവശ്യപ്പെടുകയാണെങ്കിൽ മരണവാർത്തയോ മരണ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതോ മറ്റെന്തെങ്കിലും അനുബന്ധ രേഖയോ കാണിച്ചാൽ മതി. 

👉 പണം പിൻവലിക്കൽ
മരണപ്പെട്ട വ്യക്തിയുടെ അക്കൗണ്ടിൽ നോമിനിയെ ചേർത്തിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാണ് പണം പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോവേണ്ടത്.

👉 നോമിനിയുള്ള അക്കൗണ്ടുകൾ :
ബാങ്ക് അക്കൗണ്ടിൽ നോമിനിയെ ചേർത്തിട്ടുണ്ടെങ്കിൽ, നോമിനിയെയും മറ്റ് അനന്തരാവകാശികളെയും കൊണ്ട് ബാങ്കിൽ പോയി ആവശ്യമുള്ള രേഖകൾ സമർപ്പിച്ച് പണം പിൻവലിക്കാം.
നോമിനിയാണ് ബാങ്കിൽ നിന്ന് പണം കൈപ്പറ്റുന്നതെങ്കിലും, നോമിനി ആ തുകയുടെ ട്രസ്റ്റി മാത്രമാണ്. അതായത്, പണം കൈപ്പറ്റി, അത് നിയമപരമായ അനന്തരാവകാശികൾക്ക് വീതിച്ചു നൽകാനുള്ള ബാധ്യതയാണ് നോമിനിക്കുള്ളത്. നോമിനി തന്നെ അവകാശികളിൽ ഒരാളാണെങ്കിൽ നോമിനിക്കും ഒരു വിഹിതം ലഭിക്കുന്നതാണ്.

👉 നോമിനി ഇല്ലാത്ത അക്കൗണ്ടുകൾ :
നോമിനിയെ ഒന്നും ചേർക്കാത്ത അക്കൗണ്ട് ആണ് മരണപ്പെട്ട വ്യക്തിയുടേത് എങ്കിൽ അതിൽ നിന്നും പണം പിൻവലിക്കുന്നതിന് കുറച്ചുകൂടി ദീർഘമായ ഒരു പ്രക്രിയയാണ് ഉള്ളത്.
നോമിനി ഇല്ലാത്ത പക്ഷം മരണപ്പെട്ട വ്യക്തിയുടെ അക്കൗണ്ടിൽ നിന്നും, തുക കൈമാറുന്നതിന് മുമ്പ് അവകാശികളുടെ നിയമപരമായ അവകാശവും മരണപ്പെട്ട വ്യക്തി വല്ല വിൽപത്രവും എഴുതി വച്ചിട്ടുണ്ടോ എന്നതും മറ്റും ബാങ്ക് സ്ഥിരീകരിക്കുന്നതാണ്. 
അതിനായി ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റും, അവകാശികളുടെ അഫിഡവിറ്റും, ഇൻഡെമ്നിറ്റി ബോണ്ടും, മുഴുവൻ അവകാശികളുടെയും തിരിച്ചറിയൽ രേഖകളും സഹിതം പണം പിൻവലിക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച് ബാങ്കിൽ സമർപ്പിക്കേണ്ടതാണ്.

👉 നോമിനിയുടെ ഉത്തരവാദിത്വം:
നോമിനി പണം കൈപ്പറ്റിയ ശേഷം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, അത് നിയമപ്രകാരമുള്ള അവകാശികൾക്ക് വീതിച്ചു നൽകുക എന്നതാണ്.
മരണപ്പെട്ട വ്യക്തിയുടെ നിയമപരമായ അനന്തരാവകാശികൾ (ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ തുടങ്ങിയവർ) ആരാണോ, അവർക്ക് ബാധകമായ പിന്തുടർച്ചാവകാശ നിയമം അനുസരിച്ചുള്ള ഓഹരി കണക്കനുസരിച്ച് തുക വീതിക്കണം.

👉 ഇത്തരത്തിലുള്ള പണം വീതിച്ചു നൽകുന്ന പ്രക്രിയ പൂർണ്ണമായും സുതാര്യവും ഭാവിയിൽ തർക്കങ്ങൾക്ക് സാധ്യതയില്ലാത്തതുമാക്കാൻ, ഒരു നിയമപരമായ രേഖ തയ്യാറാക്കുന്നത് നല്ലതാണ്. ഓരോ അനന്തരാവകാശിക്കും ലഭിച്ച വഹിതത്തിന്റെ കൃത്യമായ കണക്കും, അവർ ആ തുക കൈപ്പറ്റി എന്ന് സമ്മതിക്കുന്നതും ഒരു സ്റ്റാമ്പ് പേപ്പറിൽ രേഖപ്പെടുത്തുകയും അതിൽ എല്ലാ അനന്തരാവകാശികളും ഒപ്പിടുകയും ചെയ്താൽ ഈ പണത്തെ സംബന്ധിച്ച് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ നിയമപരമായ തർക്കങ്ങളും ഇല്ലാതാവുന്നതാണ്. അല്ലായെങ്കിൽ പിന്നീട് മരണപ്പെട്ട വ്യക്തിയുടെ ഭൂമി പോലെയുള്ള മറ്റു സ്വത്തുക്കൾ ഭാഗം ചെയ്യുമ്പോൾ അവകാശത്തിൽ തർക്കങ്ങൾ വരാൻ സാധ്യതയുണ്ട്.

- Adv Ahammed Sha

Comments