വിൽപത്രം എഴുതി വസ്തു മറ്റൊരാൾക്ക് നൽകാൻ ഹൈക്കോടതി വിധി തടസ്സമാകുന്നു.

ചോദ്യം : 
വിൽപത്രമെഴുതിയാളുടെ അനന്തരാവകാശികളുടെ സമ്മതമില്ലാതെ സ്ഥലം പോക്ക് വരവ് ചെയ്യില്ല എന്ന് നിയമമുണ്ട് എന്നാണ് പറയുന്നത്. ഇത് ശരിയാണോ ? ഒരാൾ ജീവിച്ചിരിക്കുമ്പോൾ എഴുതി കൊടുത്തപോലെയാണല്ലോ വില്പത്രവും. എന്തുകൊണ്ട് ഇതിന് സാധുത ഇല്ലാതായി ? 

മറുപടി :
ഒരു വിൽപത്രത്തിന് സാധുത വരുന്നത് അത് എഴുതിയ വ്യക്തി മരിക്കുന്നതോടുകൂടിയാണ്.ഒരാൾ ഒരു വിൽപ്പത്രം എഴുതി കഴിഞ്ഞാൽ അയാൾക്ക് മരിക്കുന്നത് വരെ വീണ്ടും എത്ര വിൽപത്രവും എഴുതാവുന്നതുമാണ്.

അതുകൊണ്ടുതന്നെ മരണപ്പെടുന്ന വ്യക്തികളുടെ മക്കൾക്കിടയിൽ പല തർക്കങ്ങൾക്കും ഇട വരുത്തുന്ന ഒരു കാര്യമാണ് വിൽപത്രം എന്നത്.

അത്തരം ഒരു തർക്കം ഇല്ലാതിരിക്കാൻ വേണ്ടിയാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വിൽപ്പത്രപ്രകാരമുള്ള വസ്തു പോക്കുവരവ് ചെയ്യാൻ അനന്തരാവകാശികളുടെ സമ്മതം വേണമെന്ന് ഒരു വിധി പുറപ്പെടുവിച്ചിട്ടുള്ളത്.

പക്ഷേ അത് ഒരിക്കലും വിൽപ്പത്രം എഴുതുന്നവർക്ക് എതിരോ വിൽപത്രം എന്ന സമ്പ്രദായത്തെ ഇല്ലാതാക്കുന്നതോ അല്ല.

ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധിപ്രകാരം നിലവിൽ ഒരാൾ ഒരു വിൽപത്രം എഴുതി അയാൾ മരണപ്പെടുകയാണെങ്കിൽ ആ വിൽ പത്രത്തിൽ ഉള്ള വസ്തു പോക്കുവരവ് ചെയ്യണമെങ്കിൽ വില്ലേജ് ഓഫീസർ അനന്തരാവകാശികളുടെ സമ്മതം കൂടി തേടേണ്ടത് ആയിട്ടുണ്ട്.

അതായത് രാജു എന്ന വ്യക്തി അയാളുടെ മൂത്തമകൻ  മനുവിനെ അയാളുടെ  വസ്തു വിൽപത്രപ്രകാരം എഴുതിവെക്കുകയും അതുകഴിഞ്ഞ് ഉടനെ രാജു മരിക്കുകയും ചെയ്തു എന്ന് വിചാരിക്കുക.
അതിനുശേഷം രാജുവിന്റെ മേൽപ്പറഞ്ഞ വസ്തു മനുവിനെ ഉപയോഗിക്കുവാനും മനുവിന്റെ പേരിൽ നികുതി അടയ്ക്കാനും വസ്തു വില്ലേജ് ഓഫീസിൽ പോക്കുവരവ് (Mutation) ചെയ്യേണ്ടതുണ്ട്.

അപ്രകാരം മനു വില്ലേജ് ഓഫീസിൽ അപേക്ഷ നൽകുന്ന സമയം നിലവിലെ കോടതിവിധി അനുസരിച്ച് വില്ലേജ് ഓഫീസർ അതിൽ ഉടനെ തന്നെ പോക്കുവരവ് ചെയ്യുന്നതല്ല.

അതിനുപകരം വില്ലേജ് ഓഫീസ് നോട്ടീസ് ബോർഡിലും മറ്റും മേപ്പടി വിൽപ്പത്രത്തെക്കുറിച്ചും അതിൽ അവകാശികളെ കുറിച്ചും നോട്ടീസ് പതിപ്പിക്കുകയും അവകാശികൾക്ക് നോട്ടീസ് അയക്കുകയും ചെയ്യുന്നതാണ്. മേപ്പടി വിൽപത്രപ്രകാരമുള്ള ഭൂമി പോക്കുവരവ് ചെയ്യുന്നതിൽ ആർക്കെങ്കിലും വല്ല എതിർപ്പും ഉണ്ടെങ്കിൽ 30 ദിവസത്തിനകം വില്ലേജ് ഓഫീസിൽ അറിയിക്കണം എന്നായിരിക്കും ആ നോട്ടീസിന്റെ സാരാംശം.

അപ്രകാരം 30 ദിവസത്തിനകം ആരും തന്നെ എതിർപ്പൊന്നും അറിയിച്ചില്ല എങ്കിൽ വില്ലേജ് ഓഫീസർ മേപ്പടി ഭൂമിയിൽ പോക്കുവരവ് ചെയ്തു നൽകുന്നതാണ്. ഇനി ആരെങ്കിലും വല്ല സാധുവായ ആക്ഷേപവും ബോധിപ്പിക്കുകയാണെങ്കിൽ അവർക്ക്  സിവിൽ കോടതിയെ സമീപിക്കുവാൻ മൂന്നു മാസ സമയം വില്ലേജ് ഓഫീസർ അനുവദിച്ച് നൽകുന്നതുമാണ്. 

മേൽപ്പറഞ്ഞ പ്രകാരമുള്ള ആക്ഷേപം  കേവലം ഒരു വാക്കു കൊണ്ടുള്ള ആക്ഷേപം ആയിരിക്കരുത്. വ്യക്തമായ തെളിവും കാര്യകാരണങ്ങളും ഉൾക്കൊള്ളിച്ചുള്ള ആക്ഷേപങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

അപ്രകാരം മൂന്നുമാസത്തിനകം സിവിൽ കോടതിയെ സമീപിച്ചില്ല എങ്കിലും മേപ്പടി വസ്തു പോക്കുവരവ് ചെയ്തു നൽകുന്നതാണ്.

ഇതിൽ ഒരു കാര്യം ശ്രദ്ധിക്കുക ഒരു വസ്തുവിന്റെ മേൽ സിവിൽ കോടതിയെ സമീപിക്കുമ്പോൾ അത്രയും വലിയ കോടതി ഫീസ് കെട്ടിവെക്കേണ്ടതുണ്ട്. വക്കീലിനും മറ്റും നൽകേണ്ട ഫീസ് വേറെയും. അതുകൊണ്ടുതന്നെ വെറുതെ ഒരാളും ഇത്തരം ആക്ഷേപം ഉന്നയിക്കാനോ കോടതിയെ സമീപിക്കുവാനോ നിൽക്കുന്നതല്ല. 

മാത്രമല്ല ആക്ഷേപം കള്ളമായിരുന്നു എന്ന് സിവിൽ കോടതിയിൽ തെളിഞ്ഞാൽ എതിർകക്ഷിക്കുള്ള ചിലവടക്കം അന്യായക്കാർ നൽകേണ്ടതായി വരും.

ചുരുക്കിപ്പറഞ്ഞാൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി വിൽപ്പത്രം എഴുതുന്നവർക്ക് എതിരെ അല്ല , മറിച്ച് കൂടുതൽ അനുകൂലമായ ഒരു വിധിയാണ്.

- Adv Ahammed Sha

Comments