നഷ്ടപരിഹാരമെവിടെ ?

കഴിഞ്ഞദിവസം എൻറെ ഒരു സുഹൃത്ത് ഓഫീസിൽ വന്നു കണ്ടിരുന്നു. ഞങ്ങൾ സ്കൂളിൽ ഒരുമിച്ച് പഠിച്ചതാണ്. പിന്നീട് അങ്ങോട്ടുമിങ്ങോട്ടും വലിയ ബന്ധങ്ങളൊന്നും ഇല്ലായിരുന്നു. ഗൂഗിളിൽ വക്കീലിന്റെ നമ്പർ തിരയുന്നതിനിടയിൽ എൻറെ പ്രൊഫൈൽ കാണുകയും അങ്ങനെ ബന്ധപ്പെട്ട് ഓഫീസിൽ വന്ന് കണ്ടതാണ്.

സുഹൃത്തിന്റെ അച്ഛൻ ഒരു വാഹനാപകടത്തിൽപ്പെട്ട് അരക്ക് താഴെ തളർന്നു കിടപ്പിലാണ് . ചികിത്സക്കും മറ്റുമായി ഇതിനോടകം തന്നെ ഒരുപാട് സംഖ്യ ചിലവായിട്ടുണ്ട്. ഇനിയും ചികിത്സയും ഫിസിയോതെറാപ്പിയും മറ്റും തുടർന്നെങ്കിൽ മാത്രമേ സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിലേക്കെങ്കിലും അച്ഛന് സാധ്യമാകൂ.

വലിയ സാമ്പത്തികശേഷി ഒന്നുമുള്ള കുടുംബം അല്ല അവരുടേത്. "വാഹനം അപകടത്തിൽപ്പെട്ടതിന്റെ നഷ്ടപരിഹാരം ഇതുവരെയും കിട്ടിയിട്ടില്ല. അത് അക്കൗണ്ടിലേക്ക് വരുമോ അതോ എവിടെയെങ്കിലും പോയി വാങ്ങേണ്ടതുണ്ടോ" എന്നറിയാനാണ് അവൻ എന്നെ കാണാൻ വന്നത്. 

“അപകടം നടന്ന പിറ്റേദിവസം തന്നെ അച്ഛൻറെ അനിയൻ പോലീസിൽ പോയി കേസ് കൊടുത്തതാണ്,ഇപ്പോ അഞ്ചാറ് മാസമായി,ഇതുവരെ ഒരു പൈസയും കിട്ടിയിട്ടില്ല“ എന്ന് അവൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് കാര്യം വ്യക്തമായി. മേൽപ്പറഞ്ഞ വാഹനാപകടവുമായി ബന്ധപ്പെട്ട ആ വാഹനം ഓടിച്ച ഡ്രൈവർക്ക് എതിരെ ചുമത്തിയിരിക്കുന്ന ക്രിമിനൽ കേസിനെ കുറിച്ചാണ് അവൻ പറഞ്ഞത്.

അവനെപ്പോലെ പലരും തെറ്റിദ്ധരിക്കപ്പെടുകയും അവകാശപ്പെട്ട നഷ്ടപരിഹാരം ലഭിക്കാതെ പോവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ വാഹനാപകടത്തോടനുബന്ധിച്ച് ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്റെ നിയമവശങ്ങളെക്കുറിച്ച് എഴുതേണ്ടത് അത്യാവശ്യമാണെന്ന് തോന്നി.

ഒരാൾക്ക് ഒരു വാഹനാപകടം സംഭവിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യം തീർച്ചയായും അയാളെ ആശുപത്രിയിൽ എത്തിക്കലാണ്. അതിനുശേഷം പ്രധാനമായും ചെയ്യേണ്ട മറ്റൊരു കാര്യം ഈ അപകട വിവരം പോലീസിൽ അറിയിക്കലാണ്. 

അശ്രദ്ധമായി വാഹനമോടിച്ച് ഒരു വ്യക്തിയുടെ ജീവനോ സ്വത്തിനോ നാശനഷ്ടം ഉണ്ടാക്കുന്നത് നമ്മുടെ രാജ്യത്ത് ഒരു ക്രിമിനൽ കുറ്റമാണ്. ചെയ്ത കുറ്റത്തിന്റെ തോതനുസരിച്ച് തടവോ പിഴയോ ശിക്ഷയായി ലഭിക്കും. മേൽപ്പറഞ്ഞ പ്രകാരം അപകട വിവരം പോലീസിൽ അറിയിക്കുന്നതോടുകൂടി ആ വാഹനം ഓടിച്ച വ്യക്തിക്കെതിരെ പോലീസ് ഒരു എഫ്ഐആർ ഫയൽ ചെയ്യുന്നതാണ്. ശേഷം ആ കേസിന്റെ അന്വേഷണം നടക്കുകയും കോടതി തെളിവുകളും സാക്ഷി മൊഴികളും എല്ലാം പരിഗണിച്ച് പ്രതി കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞാൽ പിഴയോ തടവോ ശിക്ഷ വിധിക്കുകയും കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയാൽ നിരുപാധികം വെറുതെ വിടുകയും ചെയ്യുന്നതാണ്. 

മേപ്പടി ക്രിമിനൽ കേസിൽ വാഹനാപകടത്തിൽ അപകടം പറ്റിയ വ്യക്തിയോ ബന്ധുക്കളോ മറ്റോ അഭിഭാഷകനെ ഏൽപ്പിക്കുകയോ കേസ് നടത്തുകയോ ചെയ്യേണ്ടതില്ല. ഏതൊരു ക്രിമിനൽ കേസും സർക്കാരാണ് പണം മുടക്കി നടത്തുക. കോടതി പ്രതിക്ക് ശിക്ഷ വിധിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നതോടുകൂടി മെപ്പടി ക്രിമിനൽ കേസ് അവസാനിക്കുന്നതാണ്.

മേപ്പടി ക്രിമിനൽ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പ്രതിയിൽ നിന്നും ഈടാക്കുന്ന പിഴ തുകയാണ് പരിക്ക് പറ്റിയ/മരണപ്പെട്ട വ്യക്തിയുടെ ആശ്രിതർക്ക് ലഭിക്കുന്നത് എന്ന വലിയ ഒരു തെറ്റിദ്ധാരണ പലർക്കും ഉണ്ട്. മേൽപ്പറഞ്ഞ ക്രിമിനൽ കേസ് കൊണ്ട് ഒരിക്കലും പരിക്കുപറ്റിയ വ്യക്തിക്കോ ആശ്രിതർക്കോ ഒരു നഷ്ടപരിഹാരവും ലഭിക്കുന്നതല്ല. 

ഒരു വാഹനാപകടത്തിൽ പരിക്കുപറ്റിയ വ്യക്തിക്ക് നഷ്ടപരിഹാരം ലഭിക്കാൻ അതിനായി പ്രത്യേകം ചുമതലയുള്ള മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രിബ്യൂണൽ (MACT) കോടതിയിൽ ഹരജി ഫയൽ ചെയ്യുകയും അതിൽ വാദവും വിസ്താരവും എല്ലാം കഴിഞ്ഞ് കോടതി വിധി പറയുകയും വേണം. നഷ്ടപരിഹാരത്തിനായി മേൽപ്പറഞ്ഞ രീതിയിൽ ഹരജി ബോധിപ്പിക്കുന്നതിന് അപകടം നടന്നതിനുശേഷം ആറുമാസകാലമാണ് സമയം അനുവദിച്ചിരിക്കുന്നത്. ആറുമാസകാലയളവിനുള്ളിൽ പരിക്കുപറ്റിയ വ്യക്തിയോ അല്ലെങ്കിൽ അദ്ദേഹത്തിൻറെ ആശ്രിതരോ ഇത്തരത്തിലൊരു ഹരജി ബോധിപ്പിച്ചില്ലെങ്കിൽ പിന്നീട് ബോധിപ്പിക്കുന്ന ഹരജികൾക്ക് കാലഹരണ ദോഷം ഉണ്ടായിരിക്കുന്നതാണ് . 

മേപ്പടി നഷ്ടപരിഹാര കേസിൽ കോടതിയിൽ ഹാജരാക്കാനുള്ള തെളിവുകളായി മേൽപ്പറഞ്ഞ ക്രിമിനൽ കേസിലെ എഫ്ഐആർ ,FIR, FIS, WOUND CERTIFICATE, തുടങ്ങിയവയെല്ലാം ആ കേസ് പരിഗണിച്ച കോടതിയിൽ നിന്നും പകർത്തി എടുക്കാവുന്നതാണ്.

നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയായിരിക്കും, ഒരു നഷ്ടപരിഹാരങ്ങളും നഷ്ടങ്ങളെ മായ്ച്ചു കളയില്ല.പക്ഷേ അപ്രകാരം ലഭിക്കുന്ന പണം കൊണ്ട് പെട്ടെന്നൊരു ദിവസം നിശ്ചലമായി പോയ ജീവിതങ്ങളെ ചികിത്സിച്ച് തിരികെ കൊണ്ടുവരാൻ നമുക്ക് സാധിച്ചേക്കാം..., ഓർമ്മയിലേക്ക് മറഞ്ഞുപോയ പ്രിയപ്പെട്ടവർക്ക് വേണ്ടി ഒരുപാട് നന്മകൾ ചെയ്യാൻ നമുക്ക് സാധിച്ചേക്കാം... അവകാശപ്പെട്ട നഷ്ടപരിഹാരങ്ങൾ അവഗണിക്കേണ്ടതില്ല .

Adv Ahammed Sha 
District court Manjeri

Comments