മരിച്ചവർക്കും ഉണ്ടോ ജീവിക്കാനുള്ള അവകാശം ?

കേരള ഹൈക്കോടതി 

മാർച്ച് 18 2024 : 

രാജേഷ് V അസിസ്റ്റൻറ് കളക്ടർ ഫോർട്ട് കൊച്ചി 

വളരെയധികം കാലമായി ക്യാൻസർ ബാധിച്ച് കിടപ്പിലായിരുന്ന രാജേശ്വരി അമ്മ (സങ്കല്പിക പേര്) മരണപ്പെട്ടതു മുതലാണ് ഈ കേസിലേക്കുള്ള സംഭവവികാസങ്ങളുടെ തുടക്കം. 



പാരമ്പര്യമായി ധാരാളം സ്വത്തുക്കൾ ഉണ്ടായിരുന്ന കുടുംബത്തിന് അവസാനം ബാക്കിയായത് താമസിക്കുന്ന വീട് അടങ്ങുന്ന കുറച്ചു വസ്തു മാത്രമാണ്. അല്ലാതെയുള്ളതെല്ലാം പലവിധ ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി പുറമേക്ക് വിറ്റു പോയിരുന്നു . 

അപ്രകാരം പുറമേയ്ക്ക് വിറ്റ കൂട്ടത്തിൽ തങ്ങളുടെ വീടിനടുത്തുള്ള ഒരു വസ്തുവിൽ അതിന്റെ പുതിയ ഉടമസ്ഥന്റെ സമ്മതത്തോടുകൂടി അമ്മയുടെ ശരീരം അടക്കം ചെയ്യാൻ രാജേശ്വരിയുടെ മകൻ അനുവാദം വാങ്ങുകയും അപ്രകാരം മരണപ്പെട്ട ഉടനെ തന്നെ അവിടെ അടക്കം ചെയ്യുകയും ഉണ്ടായി. 

കേസ് ഇനിയാണ് ആരംഭിക്കുന്നത് .. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി ന്യായത്തിൽ ഒട്ടും സുഖകരമല്ലാത്ത വസ്തുതകൾ എന്ന് പറഞ്ഞു തുടങ്ങിയ ഈ  കേസിലേക്ക് നയിച്ച കാര്യങ്ങൾ ചിന്തിക്കാവുന്നതിലുമപ്പുറമാണ്..

രാജേശ്വരി അമ്മ മരണപ്പെട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷം ഫോർട്ട് കൊച്ചി അസിസ്റ്റൻറ് കളക്ടറുടെ ഓഫീസിലേക്ക് ഒരു പരാതി ലഭിച്ചു. തൻറെ വസ്തുവിൽ തനിക്ക് അനുവാദമില്ലാതെ ഒരു ശവം കുഴിച്ചിട്ടിരിക്കുന്നു ഒന്നും ആയത് ഉടനടി നീക്കം ചെയ്യണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. അസിസ്റ്റൻറ് കളക്ടർ കാര്യത്തിന്റെ ഗൗരവം അനുസരിച്ച് വിശദമായി അന്വേഷിച്ചു. രാജേശ്വരി അമ്മയുടെ മകനിൽ നിന്ന് ഉൾപ്പെടെ വിശദീകരണം തേടി. 

യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്നുവെച്ചാൽ ധൃതിപിടിച്ച് ശവമടക്ക് നടത്തിയപ്പോൾ അറിഞ്ഞോ അറിയാതെയോ മകൻ അമ്മയുടെ മൃതശരീരം അടക്കം ചെയ്തത് അവർ നേരത്തെ പുറമേക്ക് വിറ്റ വസ്തുവിന്റെ അതിർത്തിയോട് ചേർന്നുള്ള മറ്റൊരു വസ്തുവിലാണ്. 

അതിന്റെ ഉടമസ്ഥൻ അനുവാദം നൽകുകയോ കാര്യത്തെക്കുറിച്ച് ആ സമയത്ത് അറിയുകയോ ഉണ്ടായിട്ടില്ല. അദ്ദേഹത്തിൻറെ പരാതിയിലാണ് അസിസ്റ്റൻറ് കളക്ടർ ഈ അന്വേഷണം നടത്തിയത് . 

ഒരാഴ്ചക്കകം മൃതദേഹം ആ വസ്തുവിൽ നിന്നും മാറ്റി അടക്കം ചെയ്യുവാൻ മകനോട് കൽപ്പിക്കുകയും, അങ്ങനെ ചെയ്തില്ലെങ്കിൽ  ആമ്പല്ലൂർ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൃതദേഹം അവിടെനിന്ന് മാറ്റി കേരള പഞ്ചായത്ത് രാജ് (അവകാശികൾ ഇല്ലാത്ത മൃതദേഹം സംസ്കരിക്കുന്ന) റൂൾ പ്രകാരം പഞ്ചായത്തിന്റെ ശ്മശാനത്തിൽ അടക്കം ചെയ്യുവാനും അസിസ്റ്റൻറ് കളക്ടർ ഉത്തരവിട്ടു.

അസിസ്റ്റൻറ് കളക്ടറുടെ ഈ ഉത്തരവ് നടപ്പിലാക്കാൻ മേപ്പടി വസ്തുവിന്റെ ഉടമസ്ഥൻ ഫയൽ ചെയ്ത ഹരജിയും അതിനെതിരെ രാജേശ്വരി അമ്മയുടെ മകൻ നൽകിയ  ഹരജിയും ബഹുമാനപ്പെട്ട  കേരള ഹൈക്കോടതി ഒരുമിച്ചാണ് പരിഗണിക്കുകയാണ് . 

ഒരാൾക്കും മറ്റൊരു വ്യക്തിയുടെ വസ്തുവിൽ അനുവാദമില്ലാതെ ശവം സംസ്കരിക്കാൻ നിയമം അനുവദിക്കുന്നില്ല, തൻറെ കക്ഷിയുടെ വിശ്വാസവും ആചാരവും പ്രകാരം ഇത്തരമൊരു ശവമടക്ക് അനുവദിക്കാത്തത് കൊണ്ട് തന്നെ  ആ മൃതദേഹം അവിടെ നിന്നും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് വസ്തുവിന്റെ ഉടമസ്ഥന്റെ അഭിഭാഷകൻ അഡ്വ. ഷെറി ജെ തോമസ് വാദിച്ചു .

കേരള പഞ്ചായത്ത് രാജ് (അവകാശികൾ ഇല്ലാത്ത മൃതദേഹം സംസ്കരിക്കുന്ന) റൂൾ അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾക്ക് മാത്രമാണ് ബാധകമെന്നും ഈ കേസിൽ സ്വന്തം മകൻ തന്നെയാണ് ആ വസ്തുവിൽ മൃതദേഹം അടക്കം ചെയ്തത് എന്നതിനാൽ മേൽപ്പറഞ്ഞ റൂൾ ബാധകമല്ലെന്നും പഞ്ചായത്തിന് വേണ്ടി ഹാജരായ അഡ്വ. ടി കെ അജിത് കുമാർ വാദിച്ചു.

ഈ കേസിൽ അറിഞ്ഞോ അറിയാതെയോ സ്വന്തം മകൻ തന്നെ അമ്മയുടെ മൃതദേഹം മറ്റൊരാളുടെ വസ്തുവിൽ അടക്കം ചെയ്യുകയാണുണ്ടായത്. ആ വസ്തുവിന്റെ ഉടമസ്ഥന്റെ വിശ്വാസ ആചാരങ്ങൾ ഇത്തരമൊരു ശവമടക്കിന് എതിരാണെന്ന കാരണം കൊണ്ട് തന്നെ മൃതദേഹം അവിടെ നിന്നും മാറ്റാനുള്ള അസിസ്റ്റൻറ് കളക്ടറുടെ ഉത്തരവ് ശരിയാണെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി നിരീക്ഷിച്ചു. 

അതേസമയം തന്നെ കേരള പഞ്ചായത്ത് രാജ് (അവകാശികൾ ഇല്ലാത്ത മൃതദേഹം സംസ്കരിക്കുന്ന) റൂൾ പ്രകാരം അടക്കം ചെയ്യേണ്ടത് അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങളാണ് എന്ന കാര്യത്തിൽ തർക്കമില്ല . അസിസ്റ്റൻറ് കളക്ടർ വിശദീകരണം തേടിയ സമയത്ത് അമ്മയുടെ മൃതദേഹം അടക്കം ചെയ്ത വസ്തു മാറിപ്പോയെന്ന് തെളിയുന്ന അവസരത്തിൽ സ്വന്തം ചെലവിൽ മൃതദേഹം മാറ്റാമെന്ന് മകൻ ഉറപ്പു നൽകിയിരുന്നു. പക്ഷെ അന്വേഷണാവസാനം അത് തെളിഞ്ഞപ്പോൾ മകൻ ആ ഉറപ്പ് തള്ളിക്കളയുകയാണ് ഉണ്ടായത്.

അപ്രകാരം മറ്റൊരു വ്യക്തിയുടെ വസ്തുവിൽ അനുവാദമില്ലാതെ അമ്മയുടെ മുതദേഹം ഉപേക്ഷിച്ച മകൻറെ പ്രവർത്തി തത്വത്തിൽ ആ മൃതദേഹത്തെ ഒരു ‘അവകാശികൾ ഇല്ലാത്ത’ മൃതദേഹമായി മാറ്റിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ കേസിൽ കേരള പഞ്ചായത്ത് രാജ് (അവകാശികൾ ഇല്ലാത്ത മൃതദേഹം സംസ്കരിക്കുന്ന) റൂൾ പ്രായോഗികവുമാണന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി അതിൻറെ വിധി ന്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. 

ആയതിനാൽ തന്നെ അസിസ്റ്റൻറ് കളക്ടറുടെ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് നിരീക്ഷിക്കുകയും വസ്തുവിന്റെ ഉടമസ്ഥൻ നൽകിയ റിട്ട് ഹരജി അനുവദിക്കുന്നതോടൊപ്പം മകൻ നൽകിയ ഹരജി തള്ളിക്കളയുകയുമാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ചെയ്തത്. 

ഭരണഘടനയുടെ 21 ാം അനുച്ഛേദം ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിൻറെ മറ്റൊരു വശമാണ് മാന്യമായി മരിക്കാനും അടക്കം ചെയ്യപ്പെടാനുമുള്ള അവകാശമെന്നും, ഇനിയൊരു മകനോ മകളോ ഇത്തരമൊരു പിഴവ് ചെയ്യാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാൻ മാത്രമേ നമുക്ക് സാധിക്കൂ എന്നും ബഹുമാനപ്പെട്ട ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Adv Ahammed Sha NK

District court Manjeri 

7994 1635 47

Comments