റിയാസ് മൗലവി വധക്കേസ്
കാസർകോട് റിയാസ് മൗലവി വധക്കേസിലെ ശിക്ഷ വിധിക്കുന്നതിനായി ബഹുമാനപ്പെട്ട സെഷൻസ് കോടതി നിർണയിക്കാൻ എടുത്ത 6 പ്രധാന കാര്യങ്ങൾ താഴെപ്പറയുന്നവയാണ്.
1. മുഹമ്മദ് റിയാസ് മൗലവിയുടെ മരണത്തിന് എന്താണ് കാരണം ?
2. 1, 2, 3 പ്രതികൾക്ക് ഏതെങ്കിലും ഒരു മുസ്ലിമിനെ കൊല ചെയ്യണമെന്ന് പൊതുവായ ഉദ്ദേശവും അതുപ്രകാരം 1, 2 പ്രതികൾ മുഹിയുദ്ധീൻ മസ്ജിദിലേക്ക് അതിക്രമിച്ചു കയറി ഐപിസി സെക്ഷൻ 449 , ഐപിസി സെക്ഷൻ 34 പ്രകാരമുള്ള കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ?
❗ഐപിസി സെക്ഷൻ 449 : വധശിക്ഷ വരെ ലഭിക്കാവുന്ന ഏതെങ്കിലും ഒരു കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി ഒരാളുടെ താമസസ്ഥലത്തേക്ക് ആരെങ്കിലും അതിക്രമിച്ചു കയറിയാൽ ജീവപര്യന്തം തടവോ പത്ത് വർഷത്തിൽ കുറയാത്ത കഠിനതടവോ പിഴയോടു കൂടി ശിക്ഷ ലഭിക്കുന്നതാണ്.
❗ഐപിസി സെക്ഷൻ 34 : ഒരേ ഉദ്ദേശലക്ഷ്യത്തോട് കൂടി ഒന്നിലധികം പേർ ചേർന്ന് ഒരു കുറ്റകൃത്യം ചെയ്യുകയാണെങ്കിൽ അതിൽ ഓരോരുത്തരും ആ കുറ്റകൃത്യം ഒറ്റയ്ക്ക് ചെയ്തത് പോലെ തന്നെ ശിക്ഷാർഹരാണ് . ഈ കേസിൽ പ്രതികൾക്ക് എതിരെയുള്ള എല്ലാ വകുപ്പുകളിലും ഐപിസി സെക്ഷൻ 34 ഉം ചേർത്തിട്ടുണ്ട്.
3. 1, 2, 3 പ്രതികൾ ഒരേ ഉദ്ദേശത്തോടുകൂടി മോട്ടോർസൈക്കിളിൽ വരികയും 1, 2 പ്രതികൾ മേൽപറഞ്ഞ മസ്ജിദിലേക്ക് അതിക്രമിച്ചു കയറിയതിൽ ഒന്നാം പ്രതി മൗലവിയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറി കത്തികൊണ്ട് നിരവധി തവണ കുത്തുകയും ഈ സമയം മുറിക്ക് പുറത്ത് കാവൽ നിൽക്കുന്ന രണ്ടാം പ്രതി ഈ കേസിലെ രണ്ടാം സാക്ഷിക്ക് നേരെ കല്ലെറിയുകയും മൂന്നാം പ്രതി ഗേറ്റിനു പുറത്ത് കാവൽ നിൽക്കുകയും ചെയ്തതിൽ 1, 2, 3 പ്രതികൾ ഐപിസി സെക്ഷൻ 302 , ഐപിസി സെക്ഷൻ 34 പ്രകാരമുള്ള കുറ്റകൃത്യം ചെയ്തിട്ടുണ്ടോ?
❗ഐപിസി സെക്ഷൻ 302 : കൊലപാതകം ചെയ്ത വ്യക്തി വധശിക്ഷയോ പിഴയോടു കൂടിയ ജീവപര്യന്തം തടവോ അനുഭവിക്കാൻ ബാധ്യസ്ഥരാണ്.
4. ആർഎസ്എസ് സജീവ പ്രവർത്തകരും മുസ്ലിം സമുദായത്തോട് ശത്രുത പുലർത്തുന്നവരുമായ 1, 2, 3 പ്രതികൾ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തണമെന്ന പൊതുവായ ഉദ്ദേശലക്ഷ്യത്തോടുകൂടി പള്ളിയിലേക്ക് അതിക്രമിച്ചു കയറി ഹിന്ദു മുസ്ലിം സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധയും ശത്രുതയും ഉണ്ടാക്കി പൊതുവായ സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിൽ ഐപിസി സെക്ഷൻ 153A, ഐപിസി സെക്ഷൻ 34 പ്രകാരമുള്ള കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ?
❗ഐപിസി സെക്ഷൻ 153A : മതം വംശം ഭാഷ നാട് തുടങ്ങിയ കാര്യങ്ങളുടെ പേരിൽ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിൽ സ്പർദയും ശത്രുതയും ഉണ്ടാക്കുകയും സമാധാന അന്തരീക്ഷം തകർക്കുകയും ചെയ്യുന്നത് പിഴയോടുകൂടി മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
5. ഇത്തരത്തിൽ കൊലപാതകം ചെയ്യാനുള്ള പൊതുവായ ഉദ്ദേശത്തോടുകൂടി പള്ളിയിലേക്ക് അതിക്രമിച്ചു കയറി ഒന്നാംപ്രതി മൗലവിയെ ആക്രമിക്കുന്ന സമയത്ത് രണ്ടാംപ്രതി ഈ കേസിലെ രണ്ടാം സാക്ഷിക്ക് നേരെ കല്ലെറിയുകയും അത് പള്ളിയുടെ ചുമരിൽ കേടുപാടുകൾ വരുത്തുകയും ചെയ്തതിൽ 1, 2, 3 പ്രതികൾ ആരാധനാലയത്തെ നിന്ദിക്കുന്ന തരത്തിൽ ഐപിസി സെക്ഷൻ 295 , ഐപിസി സെക്ഷൻ 34 പ്രകാരമുള്ള കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ?
❗ഐപിസി സെക്ഷൻ 295 : ഏതെങ്കിലും ഒരു മതവിഭാഗത്തിനെ അപമാനിക്കണമെന്ന ഉദ്ദേശത്തോടു കൂടി ആ വിഭാഗത്തിന്റെ ആരാധനാലയങ്ങളെ ആക്രമിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് പിഴയോടു കൂടി ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് .
6. ഒന്ന് രണ്ട് പ്രതികൾ മേൽപ്പറഞ്ഞ കുറ്റകൃത്യങ്ങൾ ചെയ്തുവെന്ന് പൂർണ ബോധ്യമുള്ള മൂന്നാം പ്രതി അവരെ മോട്ടോർസൈക്കിളിൽ രക്ഷപ്പെടാനും, രക്തക്കറ കഴുകി കളയാനും സഹായം ചെയ്തും, പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച മോട്ടോർസൈക്കിൾ ഒളിപ്പിച്ചു വെക്കുകയും, പ്രതികളെ മറച്ചുവയ്ക്കാനായി കളവായ മൊഴികൾ നൽകുകയും ചെയ്തതിനാൽ 1 , 2, 3 പ്രതികൾ ഐപിസി സെക്ഷൻ 201, ഐപിസി സെക്ഷൻ 34 പ്രകാരമുള്ള കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ?
❗ഐപിസി സെക്ഷൻ 201 : ഒരു കുറ്റകൃത്യം നടന്നുവെന്ന അറിവോടെ അതിൽ ഉൾപ്പെട്ട കുറ്റവാളിയെ ഒളിപ്പിച്ചു വെക്കാനോ, ശരിയല്ലെന്ന് പൂർണ ബോധ്യമുള്ള വിവരങ്ങൾ നൽകാനോ വേണ്ടി തെളിവുകൾ മറച്ചുവെക്കുകയോ ചെയ്താൽ പിഴയോടുകൂടി ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് .
.jpeg)
Comments
Post a Comment
Your comment is valuable for me.