ജഡ്ജിനുള്ള കൈക്കൂലിയല്ല വക്കീലിനുള്ള ഫീസാണ്



കോടതികളിൽ ഇൻ്റേൺഷിപ്പ് ചെയ്യുന്ന കാലം മുതൽ കണ്ടുവരുന്നതാണ് വിചിത്രമായ ഈ കലാപരിപാടി . ഇന്നും അതിനൊരു മാറ്റവും ഇല്ല . 

കോടതി വരാന്തകളുടെ മൂലകളിൽ ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു. ഒരു കേസ് വിളിച്ചു കഴിഞ്ഞ് അടുത്തതിനായി കാത്തിരിക്കുന്ന സമയത്തായിരിക്കും നേരത്തെ വിളിച്ചു കഴിഞ്ഞ കേസിലെ കക്ഷി വക്കീലിനെ പുറത്തേക്ക് വിളിക്കുന്നത്. കേസിനെ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാൻ ആയിരിക്കുമെന്ന് കരുതി വക്കീൽ ഓടി ചെല്ലുമ്പോൾ ഏതെങ്കിലും മൂലയിലേക്ക് വലിച്ചുകൊണ്ടുപോയി രഹസ്യമായി ചുരുട്ടി മടക്കിയ പൈസ കയ്യിലോ പോക്കറ്റിലോ ഇട്ട് തരും.

ജഡ്ജിന് കൊടുക്കാനുള്ള കൈക്കൂലി വക്കീലിൻ്റേൽ കൊടുത്തേൽപ്പിക്കുന്നത് പോലെ. പരമ രഹസ്യമായിരിക്കും. എങ്കിൽ പിന്നെ Google pay ചെയ്യാൻ പറഞ്ഞാൽ അതിനേക്കാൾ കഷ്ടമായിരിക്കും. അതൊക്കെ പിടിക്കപ്പെടില്ലേ ...

ഞങ്ങൾ ചെയ്യുന്ന ജോലിക്കുള്ള കൂലിയാണ് നിങ്ങൾ തരുന്നത്. മറ്റേത് ജോലി പോലെയും തന്നെ. അത് ഒളിച്ചു കടത്തേണ്ട കാര്യമില്ല. പകൽ വെളിച്ചത്തിൽ എല്ലാവരും കാൺകെ തന്നെ തരൂ.. 

ഓരോ കേസും ഓരോ ജീവിതമാണെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾക്ക് നീതി നേടിത്തരാൻ ഏതറ്റം വരെയും പോവാൻ ഞങ്ങളൊരുക്കവുമാണ്. ഞങ്ങൾ ചെയ്യുന്നതും ഒരു തൊഴിലാണെന്നും ഞങ്ങൾ വാങ്ങുന്നത് ആ തൊഴിലിനുള്ള പ്രതിഫലമാണെന്നും അംഗീകരിക്കണമെന്ന അപേക്ഷ മാത്രം.

Comments