ശാബാ ശരീഫ് വധക്കേസ് വിചാരണ 1

അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്ന് മഞ്ചേരി :

16/02/2024 വെള്ളി :

നാട്ടുവൈദ്യന്‍ ശാബാ ഷെരീഫിനെ നിലമ്പൂരിൽ തടവിൽ പാർപ്പിച്ചു കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണയുടെ രണ്ടാം ദിവസമായിരുന്നു ഇന്ന് . 

മൃതദേഹവശിഷ്ടങ്ങളിൽ ഒന്നുപോലും ഇതുവരെ കണ്ടെത്താത്തതിനാൽ തന്നെ സാഹചര്യ തെളിവുകൾക്കും സാക്ഷിമൊഴികൾക്കും വളരെയധികം പ്രാധാന്യമുള്ള ഒരു കേസാണിത് .

കേസിലെ ഏഴാം പ്രതിയായ നൗഷാദ് മാപ്പുസാക്ഷി ആവുകയും തുടർന്ന് അയാളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നുള്ള ഒന്നാം സാക്ഷിയായി വിചാരണ നടത്തുകയും ആണ് ഉണ്ടായത്. 

വിചാരണയുടെ ആദ്യദിവസമായി ഇന്നലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ് നമ്പൂതിരി ചീഫ് വിസ്താരം നടത്തി . 

വിചാരണയുടെ രണ്ടാം ദിവസമായ ഇന്ന് ഉച്ചവരെയും ചീഫ് വിസ്താരത്തിന്റെ ബാക്കിയും ഉച്ചയ്ക്ക് ശേഷം പ്രതികൾക്ക് വേണ്ടി പ്രതിഭാഗം അഭിഭാഷകർ ക്രോസ് വിസ്താരവും ആരംഭിച്ചു. 

ഏഴാം പ്രതി നൗഷാദ് പിന്നീട് മാപ്പുസാക്ഷിയായപ്പോൾ ആദ്യം നൽകിയ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് ഈ സാക്ഷിയുടെ വിശ്വാസയോഗ്യത കുറവാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് പ്രതിഭാഗം ഒരുതരത്തിൽ ശ്രമിക്കുന്നത്. മറ്റൊന്ന് ഈ സാക്ഷിയുടെ മനോനില കൃത്യമല്ല എന്ന് കാണിച്ച് സാക്ഷി മൊഴികൾ തള്ളിക്കാനുള്ള ശ്രമവും.

ഇന്ന് നടന്ന ക്രോസ് വിസ്താരത്തിലെ പ്രസക്തഭാഗം :

പ്രതിഭാഗം : ഈ കേസിന്റെ ആദ്യഘട്ടത്തിൽ താങ്കൾ അഡ്വക്കേറ്റ് ബി എ ആളൂർ മുഖേന ഒരു ജാമ്യ അപേക്ഷ സമർപ്പിച്ചിരുന്നില്ലേ ?

സാക്ഷി : അതെ സമർപ്പിച്ചിരുന്നു. 

പ്രതിഭാഗം : അന്ന് താങ്കളുടെ നിർദ്ദേശപ്രകാരമാണല്ലോ വക്കീൽ ജാമ്യാപേക്ഷ സമർപ്പിച്ചത് ?

സാക്ഷി : മനസ്സിലായില്ല

പ്രതിഭാഗം : അതായത് താങ്കൾ പറഞ്ഞുകൊടുത്ത കാര്യങ്ങൾ ആണല്ലോ താങ്കളുടെ വക്കീൽ ജാമ്യാപേക്ഷയിൽ ചേർത്തത് .

സാക്ഷി : അതെ

പ്രതിഭാഗം : ആ ജാമ്യ അപേക്ഷയിൽ ജാമ്യം ലഭിക്കാനുള്ള ഗ്രൗണ്ടായി പറയുന്ന ഒരു കാര്യം താങ്കൾ ഈ പറയപ്പെടുന്ന കൊലപാതകമോ അനുബന്ധ കുറ്റകൃത്യങ്ങളോ ചെയ്തിട്ടില്ലെന്നും ഈ കേസ് താങ്കളുടെ പേരിൽ കെട്ടിച്ചമച്ചതാണെന്നും ആണ്. അതിനെക്കുറിച്ച് താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ ?

സാക്ഷി : എനിക്കത് ഓർമ്മയില്ല.

വിവരണം : 

ഒരു കേസിൽ ഒരാളെ മാപ്പുസാക്ഷി ആക്കണമെങ്കിൽ അയാൾ ആ കുറ്റകൃത്യത്തിൽ  ഉൾപ്പെട്ടിട്ടുള്ള ആൾ ആയിരിക്കണം. ഈ കേസിൽ ഏഴാം പ്രതിയും പിന്നീട് മാപ്പ്സാക്ഷിയുമായ നൗഷാദ് നേരത്തെ താൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് പറഞ്ഞ് ജാമ്യാപേക്ഷ സമർപ്പിച്ചതാണ്. അപ്രകാരമാണെങ്കിൽ അയാൾ ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആളല്ല. പിന്നീട് ഇപ്പോൾ ‘ശഅബാ ശരീഫിനെ പൂട്ടിയിട്ട മുറിയിൽ താൻ കാവൽ ഇരുന്നു എന്നും മൃതശരീരം കഷണങ്ങളാക്കി പുഴയിൽ എറിയുന്നത് താൻ കണ്ടുവെന്നും' പറയുമ്പോൾ സാക്ഷിയുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്.

Comments