അഡീഷണൽ ജില്ലാ സെഷൻസ് കോടതി (2) മഞ്ചേരി


കോടതി മുറി അഭിഭാഷകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പോക്സോ കേസുകളുടെ പ്രത്യേക ചുമതലയുള്ള അഡീഷണൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്ജ് സ്ഥലം മാറിപ്പോയതിനാൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല . അതിൻറെ  അധിക ചുമതലയും ഇപ്പോൾ ഈ കോടതിക്കാണ്.

കേസ് നമ്പർ വിളിച്ചു , പ്രതിയുടെ അഭിഭാഷകനും പ്രോസിക്യൂട്ടറും എഴുന്നേറ്റുനിന്നു . പോക്സോ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനായി രാവിലെ മാറ്റിവെച്ച കേസാണ് ഉച്ചക്ക് ശേഷം വിളിക്കുന്നത്. 

പ്രതിഭാഗം : യുവർ ഹോണർ ഈ പ്രതിയും അതിജീവിതയും തമ്മിൽ പ്രണയത്തിലായിരുന്നു , പഠനം കഴിഞ്ഞിട്ട് അവരുടെ വിവാഹം നടത്തി കൊടുക്കാമെന്ന് ഇരു വീട്ടുകാരും ഉറപ്പു നൽകിയതും ആണ് യുവർ ഹോണർ .

ജഡ്ജ് : അങ്ങനെയാണെങ്കിൽ പിന്നെ അവർ പരാതി നൽകേണ്ട കാര്യമില്ലല്ലോ.

പ്രതിഭാഗം : വീട്ടുകാർ നിർബന്ധിച്ചു പെൺകുട്ടിയെ കൊണ്ട് പരാതി നൽകിപ്പിച്ചതാണ് യുവർ ഹോണർ. 

ജഡ്ജ് : അത്രയും ഇഷ്ടമുള്ള ഒരാൾ വീട്ടുകാർ നിർബന്ധിച്ചാൽ പരാതി നൽകുമോ ? ഇപ്പൊ എന്താണ് ആവശ്യം എന്താണ് .

പ്രതിഭാഗം : ഈ പ്രതിക്ക് അടുത്തമാസം പരീക്ഷയാണ് യുവർ ഹോണർ. പരീക്ഷ എഴുതിയില്ലെങ്കിൽ അയാളുടെ ഭാവി തന്നെ ഇല്ലാതാവും .

ജഡ്ജ് : റിപ്പോർട്ട് വരട്ടെ നോക്കാം .

പ്രതിഭാഗം : അടുത്ത നാലാം തിയതിയാണ് യുവർ ഹോണർ പരീക്ഷ . 

ബെഞ്ച് ക്ലർക്കിനോട് കേസിന്റെ ഫയൽ എടുക്കാൻ പറഞ്ഞു അതിൽ നിന്നും ഒരു പേജെടുത്ത് വായിച്ചു നോക്കി ജഡ്ജ് പ്രതിഭാഗം അഭിഭാഷകന്റെ നേരെ നീട്ടി.

ജഡ്ജ് : ആ കുട്ടിയുടെ മൊഴിയാണിത്. ഇത് തുടക്കം മുതൽ ഒടുക്കം വരെ ഒന്ന്  വായിച്ചു നോക്കൂ. ഈ പേജ് മാത്രം വായിച്ചാൽ തന്നെ മതി. എന്നിട്ട് പറ ജാമ്യം കൊടുക്കണോ വേണ്ടയോ എന്ന്.

പ്രതിഭാഗം : അവർ തമ്മിൽ പ്രണയത്തിലായിരുന്നു. 20 വയസ്സ് മാത്രം പ്രായമുള്ളയാളാണ് യുവർ ഹോണർ ദയവായി പരിഗണിക്കൂ .

ജഡ്ജ് : ജാമ്യം കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല അവൻ പരീക്ഷ എഴുതണ്ട . കുട്ടിയുടെ മൊഴി വായിച്ചിട്ട് നിങ്ങൾ തന്നെ പറ ജാമ്യം കൊടുക്കണോ വേണ്ടയോ എന്ന്.

കേസ് അടുത്തമാസം മൂന്നാം തീയതിയിലേക്ക്  വെച്ചിരിക്കുന്നു .

Comments