സ്റ്റേറ്റ് ഓഫ് കേരള (പോലീസ്) v ഷൈബിൻ അഷറഫ് മുതൽ പേർ
നിലമ്പൂരിൽ പാരമ്പര്യവൈദ്യൻ ശാബാ ശരീഫിനെ തടവിൽ പാർപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കേസിന്റെ വിചാരണ നവംബർ ഒന്നു മുതൽ നടത്താൻ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മഞ്ചേരി വെച്ചിരുന്നതാണ്.
പ്രമാദമായ ഈ കേസിന്റെ ഇതുവരെയുള്ള ചില ഹിയറിങ്ങുകളുടെ വിവരങ്ങളും മറ്റും എഴുതുകയും വിചാരണ തുടങ്ങുന്ന സമയത്ത് അത് കൃത്യമായി എഴുതാമെന്ന് ഉറപ്പു നൽകുകയും ചെയ്തതാണ് . അതുകൊണ്ടുതന്നെ നവംബർ ഒന്നു മുതൽ ചില സുഹൃത്തുക്കളും മറ്റും ഫോണിലും മെസ്സേജിലും നേരിട്ടും ഈ കേസിന്റെ വിവരങ്ങൾ ചോദിച്ചറിയാറുണ്ട്.
അതിൽ പലരും പ്രധാനമായി ചോദിച്ച കാര്യം ഇതാണ് . കേസ് ഹൈക്കോടതിയിലേക്ക് മാറ്റിയോ ? അതുകൊണ്ടാണോ എഴുതാത്തത് ? ഇത്രയും വലിയ കേസൊക്കെ നമ്മുടെ ഈ ചെറിയ കോടതിയിലാണോ നടക്കുന്നത് ?
തുടർച്ചയായി അവധി വന്നതിനാലും ഭാഷയുടെ പരിമിതി മൂലവും മറ്റും വിചാരണയ്ക്ക് മുമ്പായി ചെയ്തു തീർക്കേണ്ട ചില കാര്യങ്ങൾ ചെയ്തു തീരാത്തതിനാലാണ് കോടതി വിചാരണ വീണ്ടും മാറ്റിവെച്ചിരുന്നത്. എല്ലാം കഴിഞ്ഞപ്പോൾ നിലവിൽ ഈ കോടതിയിൽ ഉണ്ടായിരുന്ന ജഡ്ജ് സ്ഥലം മാറി മറ്റൊരു കോടതിയിലേക്ക് മാറിയിട്ടുണ്ട്.
ഇങ്ങനെ ചില സാങ്കേതിക കാരണങ്ങൾ ഉള്ളതുകൊണ്ടാണ് വിചാരണ വൈകുന്നത്. അതുകൊണ്ടാണ് എഴുതാത്തതും.
ഇനി അടുത്ത ചോദ്യത്തിനുള്ള ഉത്തരം ; കേസിന്റെ പ്രശസ്തി നോക്കിയല്ല കോടതി തീരുമാനിക്കുന്നത്. ഓരോ കോടതിക്കും പരിഗണിക്കാവുന്ന കേസുകളുടെ കാര്യത്തിൽ ചില നിബന്ധനകൾ ഉണ്ട് . അത് ചിലപ്പോൾ ശിക്ഷ മാനദണ്ഡമാക്കിയായിരിക്കാം , സിവിൽ കേസുകളിൽ ആണെങ്കിൽ അതിലെ സംഖ്യ മാനദണ്ഡമായിരിക്കാം.
ഒരു ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് വിധിക്കാവുന്ന പരമാവധി ശിക്ഷ മൂന്നു വർഷം തടവും 10,000 രൂപ പിഴയുമാണ്. അപ്പോൾ ആ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ മാത്രമേ ഈ കോടതി പരിഗണിക്കൂ അതിനേക്കാൾ വലിയ ശിക്ഷ ലഭിക്കേണ്ടുന്ന കേസുകൾ വിചാരണ ചെയ്യാൻ നിയമപരമായി അധികാരമുള്ള കോടതികളിലേക്ക് ട്രാൻസ്ഫർ (Committ) ചെയ്യുകയാണ് കീഴ് കോടതികളുടെ ജോലി
ഐപിസി സെക്ഷൻ 279 പ്രകാരം അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചാൽ ലഭിക്കാവുന്ന പരമാവധി ശിക്ഷ ആറ് മാസം തടവും 1000 രൂപ പിഴയുമാണ് . മജിസ്ട്രേറ്റ് തലത്തിലുള്ള ഒരു കോടതിക്ക് തീർപ്പു കൽപ്പിക്കാവുന്ന ശിക്ഷയാണിത്.
ഏതൊരു ക്രിമിനൽ കേസും ആദ്യം പരിഗണിക്കുക അതാത് മജിസ്ട്രേറ്റ് കോടതികൾ ആയിരിക്കും. ആ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിൽ നിൽക്കുന്നതല്ല ആ കേസ് എങ്കിൽ അതിനു മുകളിലുള്ള കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്.
ഷാബ ശരീഫ് വധക്കേസിൽ ആദ്യമായി നിലമ്പൂർ പോലീസ് കേസെടുക്കുകയും ആ പോലീസ് സ്റ്റേഷന്റെ അധികാരപരിധിയുള്ള മജിസ്ട്രേറ്റ് കോടതിയിൽ കേസ് വിവരങ്ങളും അറസ്റ്റ് ചെയ്ത പ്രതികളെയും ഹാജരാക്കും. ടി കേസിൽ ഐപിസി സെക്ഷൻ 302 (കൊലപാതകം) ഉൾപ്പെടെ മറ്റനേകം ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെട്ടതുകൊണ്ടുതന്നെ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ 3 വർഷത്തേക്കാൾ കൂടുതൽ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാണ്.
അതിനാൽ ഇത് മജിസ്ട്രേറ്റ് കോടതിക്ക് തീർപ്പ് കൽപ്പിക്കാൻ അധികാരം ഇല്ലാത്ത കേസാണ്. ഈ അവസരത്തിൽ മേൽപ്പറഞ്ഞ മജിസ്ട്രേറ്റ് കോടതി അത് അധികാരമുള്ള സെഷൻസ് കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണ് ഉണ്ടായത്. സെഷൻസ് കോടതിയിലെ കേസുകളുടെ ബാഹുല്യം കാരണം കേസുകൾ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയും ഉണ്ടായി.
ജീവപര്യന്തം തടവ് മുതൽ ഹൈക്കോടതിയുടെ അനുവാദത്തോടെ വധശിക്ഷ വരെ വിധിക്കാൻ അധികാരമുള്ള കോടതിയാണ് സെഷൻസ് കോടതികൾ .
ഈ കേസ് വിചാരണ ചെയ്യുന്നതും ശിക്ഷ വിധിക്കുന്നതും എല്ലാം ഇനി ഈ സെഷൻസ് കോടതിയാണ്.
അതിനുശേഷം പ്രതികൾക്കോ വാദി ഭാഗത്തിനോ വല്ല അപ്പീലും ഉണ്ടെങ്കിൽ മാത്രമേ കേസ് മുകളിലുള്ള ഹൈക്കോടതിയിലേക്കോ സുപ്രീംകോടതിയിലേക്കോ എത്തുകയുള്ളൂ.

Comments
Post a Comment
Your comment is valuable for me.