ഗ്രീഷ്മ @ശ്രീക്കുട്ടി V സ്റ്റേറ്റ് ഓഫ് കേരള

ഷാരോൺ വധക്കേസിലെ വിചാരണ തിരുവനന്തപുരം നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ നിന്ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മ സമർപ്പിച്ച ഹർജി കഴിഞ്ഞ വെള്ളിയാഴ്ച (13.10.2023) സുപ്രീം കോടതിയും തള്ളി.

പ്രണയബന്ധത്തിൽ നിന്ന് മാറാൻ കാമുകി ഗ്രീഷ്മ ഷാരോൺ രാജിനെ വിഷം കൊടുത്തു കൊന്നെന്നാണ് പ്രോസിക്യൂഷൻ കേസ്. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കൂട്ടുപ്രതികളായുമുണ്ട്.

കേസിൽ വിചാരണ കോടതി മാറ്റാൻ പ്രതിഭാഗം നടത്തിയ ശ്രമങ്ങളുടെ നാൾവഴികൾ .


    1. തമിഴ്‌നാട്ടിലെ നാഗർകോവിൽ ജില്ലയിലെ തന്റെ വീട്ടിലാണ് വിഷം കലർത്തിയെന്നാരോപിച്ചുള്ള കുറ്റം നടന്നതെന്നും അതിനാൽ അവിടെയുള്ള കോടതികൾക്കാണ് കേസ് പരിഗണിക്കാൻ അധികാരമുള്ളതെന്നും ചൂണ്ടിക്കാട്ടി അവർ ആദ്യം നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും കോടതി ഹർജി തള്ളുകയും ചെയ്യുന്നു.

    2. അപ്പീലുമായി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.

    3. ഇതേ ആവശ്യവുമായി ബഹു കേരള ഹൈക്കോടതിയെ സമീപിക്കുകയും ആവശ്യത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി വിചാരണ വേളയിൽ അധികാരപരിധി വിഷയം ഉന്നയിക്കാനും എതിർക്കാനും ഇരുഭാഗത്തിനും അനുവാദം നൽകി ഹരജി അവസാനിപ്പിക്കുന്നു.

    4. ഒടുവിൽ സുപ്രീംകോടതിയെ സമീപിക്കുകയും "ഹരിജിക്കാരിക്ക് വിചാരണ കോടതിയിൽ ഈ ആവശ്യം ഉന്നയിക്കാൻ ഹൈക്കോടതി അനുമതി നൽകുകയും അതിനാൽ ആ ഹർജി ഉപേക്ഷിക്കുകയും ചെയ്തതായി ഉത്തരവിൽ വ്യക്തമാണ് . വീണ്ടും സുപ്രീംകോടതി അതേ കാര്യത്തിൽ ഹർജി പരിഗണിക്കുന്നത് ഉചിതമല്ല " എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സുപ്രീംകോടതിയും ഹരജി തള്ളുന്നു


കോടതിയിൽ പ്രതിഭാഗത്തിന്റെ പ്രധാന വാദങ്ങൾ :

    1. മരണവിവരം അടങ്ങിയ പോലീസ് റിപ്പോർട്ടിൽ മരിച്ചയാൾ തന്റെ വീട്ടിൽ റെക്കോർഡ് ബുക്ക് എടുക്കാൻ വന്നതാണെന്ന് വ്യക്തമായി ഗ്രീഷ്മ പറഞ്ഞിരുന്നു. 

    2. ഇതൊന്നും പരിഗണിക്കാതെ നെയ്യാറ്റിൻകരയുടെ പരിധിയിൽ കേസ് കൊണ്ടുവരാൻ പൊലീസ് അവസാന നിമിഷം ഐപിസി 364 (തട്ടിക്കൊണ്ടുപോകൽ) വകുപ്പ് ചേർത്തു.

    3. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ അവസാന നിമിഷമാണ് ഐപിസി 364 വകുപ്പ് ചേർത്തത്.

    4. അതുവരെയുള്ള റിപ്പോർട്ടിലെ ആരോപണങ്ങൾ അനുസരിച്ച് കുറ്റവാളിയെ വിചാരണ ചെയ്യാനുള്ള മുഴുവൻ അധികാരപരിധിയും നെയ്യാറ്റിൻകരയുടെ അധികാരപരിധിക്ക് പുറത്താണ് .

    5. നെയ്യാറ്റിൻകര സെഷൻസ് ജഡ്ജിക്ക് അധികാരപരിധി സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ് പോലീസ് സെക്ഷൻ 364 അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.

    6. താൻ കന്യാകുമാരിയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ്.  

    7. സാമ്പത്തികമായി പിതാവിനെയാണ് ആശ്രയിക്കുന്നത് 

    8. നെയ്യാറ്റിൻകരയിലേക്കുള്ള യാത്ര തനിക്ക് അസൗകര്യവും ചെലവുമാണ്

    9. മരിച്ചയാളുടെ കുടുംബത്തിൽ നിന്ന് ശാരീരിക ഉപദ്രവം നേരിടുന്നുണ്ട്. 


CRPC സെക്ഷൻ 177 പ്രകാരം ഇന്ത്യയിലെ ഏതൊരു ക്രിമിനൽ കേസും സാധാരണഗതിയിൽ പരിഗണിക്കേണ്ടത് അതിൻറെ കുറ്റകൃത്യം നടന്ന സ്ഥലത്തിൻറെ അധികാരപരിധിയിലുള്ള കോടതിയാണ്. ഈ കേസിൽ ഗ്രീഷ്മയുടെ വീട് തമിഴ്നാട്ടിലെ കന്യാകുമാരി കോടതിയുടെ അധികാരപരിധിയിലാണ് വരുന്നത്. കൊലപാതകം അടക്കമുള്ള എല്ലാ കുറ്റകൃത്യവും നടന്നത് ഗ്രീഷ്മയുടെ വീട്ടിൽ വെച്ചാണെന്ന് പോലീസ് കണ്ടെത്തിയതാണ്. 

അതുകൊണ്ടുതന്നെ വിചാരണ നടത്താൻ അധികാരപരിധിയുള്ളത് കന്യാകുമാരിയിലെ കോടതിക്കാണ് എന്നാണ് പ്രതിഭാഗം വാദം. 

പക്ഷേ പ്രതികൾക്കെതിരെയുള്ള കുറ്റപത്രത്തിൽ ഒന്നാംപ്രതി കൊല്ലപ്പെട്ടയാളെ അയാളുടെ വീട്ടിൽ നിന്നും കൊലപാതക ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു വന്നുവെന്നും ( ഐപിസി സെക്ഷൻ 364) തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ കേസുണ്ട്. 

കൊല്ലപ്പെട്ടയാളുടെ വീട് ഇരിക്കുന്നത് നെയ്യാറ്റിൻകര കോടതിയുടെ അധികാരപരിധിയിലാണ്. അതുകൊണ്ടുതന്നെ നെയ്യാറ്റിൻകര കോടതിക്കാണ് കേസ് പരിഗണിക്കാനുള്ള അധികാരം എന്ന് പ്രോസിക്യൂഷനും വാദിക്കുന്നു.

കോടതിയുടെ അധികാരപരിധി മാറ്റണമെന്ന് ഗ്രീഷ്മയുടെ ഹർജി സുപ്രീംകോടതി തള്ളിയതിനാൽ നിലവിൽ നെയ്യാറ്റിൻകര കോടതി തന്നെയാണ് ഈ കേസ് പരിഗണിക്കുക. വിചാരണ വേളയിൽ ഇതേ ആവശ്യം ആ കോടതിയിൽ ഉന്നയിക്കുമെന്ന് ഇരുഭാഗവും ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളതുമാണ്. 

നിലവിൽ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി 03-11-2023 ലേക്ക് കേസ് ചാർജിന്മേൽ വാദം കേൾക്കാൻ വെച്ചിരിക്കുകയാണ്.

Comments