വിചിത്രമായ കൊലപാതകശ്രമം 2

അഡീഷണൽ ജില്ലാ/സെഷൻസ് കോടതി 1 മഞ്ചേരി - 22/10/2023 ശനി



( തുടർച്ച .. )

ആശ്ചര്യത്തോടെ ജഡ്ജ് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയും അയാൾ ഹാജരാക്കിയ സീഷർ മഹസറും ആവശ്യപ്പെടുന്നു. 

ജഡ്ജ് :  സീഷർ മഹസറിൽ വസ്ത്രത്തിൽ രക്തത്തിൻറെ പാടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 

വക്കീൽ : അത് നിഷേധിക്കുന്നില്ല യുവർ ഹോണർ രക്തക്കറയുണ്ട്. സംഭവസ്ഥലം സന്ദർശിച്ച് പോലീസ് ശേഖരിച്ച തോർത്തുമുണ്ടിലും രക്തക്കറയുണ്ട് , പക്ഷേ അതും ആരുടേതാണെന്നോ എവിടെ നിന്ന് കിട്ടിയതാണെന്നോ മറ്റും  മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല. സംഭവസ്ഥലത്തു നിന്നും രക്തം കലർന്ന മണ്ണ് വരെ ശേഖരിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ മറന്നു പോയി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.

അതിനേക്കാൾ ഗുരുതരമായ മറ്റൊരു കാര്യമുണ്ട് യുവർ ഹോണർ .

പ്രഥമ വിവരമൊഴിയിൽ (FIS) രേഖപ്പെടുത്തിയ ആ വീട്ടിൽ തന്നെ ഉണ്ടായിരുന്ന രണ്ട് ദൃക്സാക്ഷികളെയും വിചാരണ ചെയ്യാതെ വിടുകയും സംഭവ സ്ഥലത്ത് നിന്നും 70 മീറ്റർ അകലെ താമസിക്കുന്ന അയൽവാസിയെ ഈ കോടതിയിൽ തന്നെ ദൃസാക്ഷിയായും സംഭവസ്ഥലം കാണിച്ചുതന്ന സാക്ഷിയായും പ്രോസിക്യൂഷൻ വിചാരണ ചെയ്യുകയുയുണ്ടായി. 

പക്ഷേ ആ അതിബുദ്ധിയിൽ വലിയ സത്യം ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.

ദൃസാക്ഷിയുടെ മൊഴി പ്രകാരം ഈ കൂട്ടിൽ നിൽക്കുന്ന പ്രതി അയാളുടെ ഭാര്യയെ കിണറിന്റെ അടുത്ത് നിന്നും കത്തികൊണ്ട് കുത്തുന്നത് താൻ തൻറെ വീടിൻറെ മുറ്റത്ത് നിന്നും കണ്ടു എന്നാണ്. ഇതിൽ അസ്വാഭാവികത ഒന്നും തോന്നില്ല. 

വിചാരണ സമയത്തും ഇതേ മൊഴിയിൽ ഉറച്ചുനിന്ന ആ സാക്ഷിയോട് ക്രോസ് എക്സാമിനേഷൻ സമയത്ത് ഞാൻ ആ സംഭവം ഒന്നുകൂടി വിവരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അപ്പോഴവർ പറഞ്ഞത് 'രമ്യയുടെ (അക്രമിക്കപ്പെട്ട സ്ത്രീയുടെ ) അലർച്ച കേട്ടപ്പോൾ ഞാൻ മുറ്റത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ ഭർത്താവ് അവളെ കത്തികൊണ്ട് കുത്തുന്നത് കണ്ടു' എന്നാണ്.

യുവർ ഹോണർ , ഈ സാക്ഷിയുടെ  വീടിനും സംഭവസ്ഥലത്തുള്ള വീടിനുമിടയിൽ ഏറ്റവും കുറഞ്ഞത് 70 മീറ്റർ അകലമുണ്ട്. അതിന് രണ്ടിനും ഇടയിൽ ഒരു  വിറകുപുരയും ഉണ്ട് . 

പ്രോസിക്യൂട്ടർ: അതിനിടയിൽ അങ്ങനെ ഒരു വിറകുപുര ഇല്ല എന്നത് സാക്ഷി തന്നെ ഈ കോടതിയിൽ പറഞ്ഞിട്ടുള്ളതാണ്.

പ്രതി വക്കീൽ : അതെ , യുവർ ഹോണർ ,  വിറകുപുരയുടെ മറവും അക്രമിക്കപ്പെട്ട സ്ത്രീയുടെ വീടിൻറെ മറവും കഴിഞ്ഞ് പിന്നാമ്പുറത്തുള്ള കിണറ്റിൻകരയിൽ വച്ച് നടന്നു എന്ന് പറയുന്ന അക്രമം താങ്കൾ എങ്ങനെ കണ്ടു എന്ന സ്വാഭാവിക സംശയം ചോദിച്ചപ്പോൾ ക്രോസ് എക്സാമിനേഷൻ സമയത്ത് ആ സാക്ഷി തന്നെ പറഞ്ഞതാണ് അന്ന് അവിടെ അങ്ങനെ ഒരു വിറകുപുരയില്ലെന്നും അത് ഈ അടുത്തകാലത്ത് ഉണ്ടാക്കിയതാണെന്നും .

പക്ഷേ സത്യം ഒരുപാട് മറച്ചുവെക്കാനാവില്ലല്ലോ. ദയവു ചെയ്ത് കോടതി വീണ്ടും ആ സംഭവസ്ഥല മഹസറും സ്കെച്ചും ഒന്ന് നോക്കണമെന്ന് അപേക്ഷിക്കുന്നു. തൊട്ടടുത്ത ദിവസം തയ്യാറാക്കിയ  മഹസറിൽ സംഭവസ്ഥലം കൃത്യമായി രേഖപ്പെടുത്താൻ പോലീസ് രേഖപ്പെടുത്തിയ അടയാളങ്ങളിൽ ഒന്ന് ആ വിറകുപുരയും മറ്റൊന്ന് തൊട്ടടുത്തുള്ള കിണറുമാണ് യുവർ ഹോണർ . 

പറയപ്പെടുന്ന അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസം തയ്യാറാക്കിയ സംഭവസ്ഥല മഹസറിൽ ഉള്ള വിറകുപുര അതിന്റെ തലേദിവസം അവിടെ ഉണ്ടായിരുന്നില്ലെന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല യുവർ ഹോണർ . കാണാത്ത കാര്യം കണ്ടെന്ന് പറഞ്ഞ് കോടതിയെയും മുഴുവൻ നിയമ സംവിധാനത്തെയും വെല്ലുവിളിക്കാനുള്ള കഴിവ് ഈ സാക്ഷിക്ക് ഉണ്ടെന്ന് ഇതിനോടകം തന്നെ വ്യക്തമാണ്. അതിനുള്ള തെളിവുകൾ വേറെയുമുണ്ട് ഒരുപാട് .

ജഡ്ജ് : ഒരു നിമിഷം, എന്താണ് PP ഇത്  ? ! (പബ്ലിക് പ്രോസിക്യൂട്ടർ ) 


തുടരും..

Part 1

Comments

Post a Comment

Your comment is valuable for me.