വിജേഷ് കൊലപാതകം

ജില്ലാ / സെഷൻസ് കോടതി മഞ്ചേരി 19/10/2013 വ്യാഴാഴ്ച :
Published from Blogger Prime Android App
കേസ് വിളിച്ചു , പ്രതിക്കൂട്ടിലേക്ക് കയറിയ പ്രതിയോട് ജഡ്ജ് : ഈ കേസിൽ താങ്കൾ ഐപിസി സെക്ഷൻ 3O2 (കൊലപാതകം), സെക്ഷൻ 324 (ദേഹോപദ്രവം) പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നു. 
ഈ വിധിയിൽ വാദം കേൾക്കാൻ കുറച്ചുസമയം കഴിഞ്ഞ് കോടതി വിളിക്കുന്നതാണ്.

കുറച്ചു സമയം കഴിഞ്ഞ് വീണ്ടും കേസ് വിളിച്ചു , പതിവുപോലെ പ്രതിക്ക് പറയാനുള്ളതും ഇരു ഭാഗത്തെ അഭിഭാഷകർക്ക് പറയാനുള്ളതും കോടതി കേട്ടു. ശിക്ഷ കുറച്ചു കൊടുക്കാനും പ്രതിയുടെ പ്രായം  പരിഗണിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചപ്പോൾ പ്രതിയുടെ മുൻകാല കേസുകളും സ്വഭാവ ദൂഷ്യവും  പ്രോസിക്യൂഷനും വാദിച്ചു. 
തനിക്ക് ആവശ്യമായ വൈദ്യ പരിശോധനയും മറ്റു സേവനങ്ങളും ലഭ്യമാക്കാൻ അധികൃതരോട് പറയണമെന്നാണ് പ്രതി ആവശ്യപ്പെട്ടത്.

ശിക്ഷ വിധിക്കുന്നതിനായി ഉച്ചയ്ക്ക് രണ്ടര മണിക്ക് കോടതി വീണ്ടും ചേരുന്നതാണെന്ന് അറിയിച്ചു.

കൃത്യം രണ്ടര മണിക്ക് കോടതി വീണ്ടും ചേർന്നു. പ്രതി പ്രതിക്കൂട്ടിലേക്ക് കയറി നിന്നു .

കേസിൽ കോടതിവിധിച്ച ശിക്ഷകൾ :
    1. ഐപിസി സെക്ഷൻ 302 പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവനുഭവിക്കണം .
    2.ഐപിസി സെക്ഷൻ 324 പ്രകാരം ഒരു വർഷം കഠിന തടവും 10,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവ്.

ആവശ്യഘട്ടങ്ങളിൽ പ്രതിക്ക് വൈദ്യസഹായം നൽകാൻ പ്രതിയെ അയക്കുന്ന തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിക്കുകയും ചെയ്തു. വിധി പറയുന്ന സമയത്ത് നിർവികാരനായി കാണപ്പെട്ട പ്രതിയെ കോടതിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ വീണ്ടും കണ്ടു. ഈ വിധി അയാൾ പ്രതീക്ഷിച്ചത് തന്നെയാണെന്ന് ആ മുഖത്തുനിന്നും വായിച്ചെടുക്കാനാവും.

ഈ കേസുമായി ബന്ധപ്പെട്ട് മുമ്പും എഴുതിയിരുന്നു. 
നാട്ടിലെ വിവാഹിതയായ ഒരു സ്ത്രീയുമായി പ്രതിക്കുള്ള അവിഹിത ബന്ധത്തെ ചോദ്യം ചെയ്തതിനുള്ള പക മനസ്സിൽ വെച്ച്, കുടുംബസ്വത്ത് വീതം വയ്ക്കുന്ന സമയത്തുണ്ടായ തർക്കത്തിനിടയിൽ സ്വന്തം വലിയച്ഛന്റെ മകനെ പ്രതി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. 

2021 സെപ്റ്റംബർ മാസം സംഭവം നടന്ന് പോലീസിന്റെ അന്വേഷണങ്ങൾക്ക് ശേഷം കോടതിയിൽ എത്തിയ കേസിൽ നിരവധി തെളിവുകൾ ഹാജരാക്കിയും സാക്ഷികളെ വിസ്തരിച്ചും രണ്ടു വർഷത്തിനിപ്പുറം 2023 ഒക്ടോബർ മാസം വിധി പറയാനായത് നമ്മുടെ നിയമ സംവിധാനത്തിന്റെയും അതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെയും കരുത്തും വേഗതയുമാണ് തുറന്നുകാട്ടുന്നത്.

Comments