കോടതിയിൽ വേണ്ടത് തെളിവുകളാണ്
അഡീഷണൽ ജില്ലാ/സെഷൻസ് കോടതി 2 മഞ്ചേരി - 13/10/2023 വെള്ളി :
കേസ് നമ്പർ വിളിച്ചു പ്രതി പ്രതിക്കൂട്ടിലേക്ക് കയറി നിന്നു . കൊലപാതക കേസിലെ വിചാരണ നടക്കുകയാണ്.
സംഭവസ്ഥലത്തിന്റെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറാണ് സാക്ഷി. പ്രോസിക്യൂട്ടറുടെ സഹായത്തോടെ സാക്ഷി തനിക്ക് പറയാനുള്ളത് കോടതിയെ ബോധിപ്പിച്ചു. അടുത്തതായി പ്രതിഭാഗം അഭിഭാഷകന് സാക്ഷിയോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമാണ് (ക്രോസ് എക്സാമിനേഷൻ).
പ്രതിഭാഗം വക്കീൽ : ഈ ഫോട്ടോകൾ എല്ലാം എടുത്ത് എഡിറ്റ് ചെയ്തു അന്വേഷണ ഉദ്യോഗസ്ഥനെ ഏൽപ്പിച്ചത് താങ്കളാണോ ?
സാക്ഷി : ഫോട്ടോയെടുത്ത് അതിൻറെ പ്രിന്റടുത്ത് അന്വേഷണ ഉദ്യോഗസ്ഥനെ ഏൽപ്പിച്ചത് ഞാനാണ്. എഡിറ്റ് ചെയ്തിട്ടില്ല.
പ്രതി വക്കീൽ : ആകെ എത്ര ഫോട്ടോകളാണ് താങ്കൾ എടുത്തത് ?
സാക്ഷി : 26 ഫോട്ടോകൾ.
പ്രതി വക്കീൽ : പക്ഷേ ഇത് നാല് ഫോട്ടോകൾ മാത്രമല്ലേ ഉള്ളൂ ?
സാക്ഷി : അതിൽ നാല് ഫോട്ടോകൾ മാത്രമാണ് പ്രിൻറ് എടുത്തത് ബാക്കി ഫോട്ടോകൾ അതോടൊപ്പം ഹാജരാക്കിയ സിഡിയിൽ ഉണ്ട്.
പ്രതി വക്കീൽ : താങ്കൾ അന്വേഷണ ഉദ്യോഗസ്ഥന് നൽകി എന്ന് പറയപ്പെടുന്ന സിഡിയും ഇപ്പോൾ കോടതിയിൽ ഹാജരാക്കിയ സിഡിയും ഒന്നുതന്നെയാണെന്ന് എങ്ങനെ താങ്കൾക്ക് എങ്ങനെ പറയാനാകും സിഡിയുടെ പേര് ഓർമ്മയുണ്ടോ ?
സാക്ഷി : പേര് ഓർമ്മയില്ല.
പ്രതി വക്കീൽ : താങ്കൾ അവിടെ പോയി ഫോട്ടോ എടുത്തില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ തന്നെ സംഘടിപ്പിച്ച ഫോട്ടോ പ്രിൻറും സിഡിയും താൻ തയ്യാറാക്കിയതാണെന്ന് കളവായി മൊഴി നൽകുകയാണെന്ന് ഞാൻ പറഞ്ഞാൽ. ?
സാക്ഷി : ശരിയല്ല
ജഡ്ജ് (ബെഞ്ച് ക്ലർക്കിനെ വിളിച്ചുകൊണ്ട്) : നമുക്ക് ആ സിഡി ഒന്ന് പ്രവർത്തിപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടോ ?
ക്ലാർക്ക് : ഇല്ല സാർ നമ്മുടെ കമ്പ്യൂട്ടറിൽ സിഡി വർക്കാവില്ല.
ജഡ്ജ് : അത് പരിശോധിക്കാതെ നമുക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. പ്രതിഭാഗം അങ്ങനെയൊരു സംശയം ഉന്നയിച്ചത് കൊണ്ടുതന്നെ തീർച്ചയായും അത് പരിശോധിക്കണം.
പ്രതി വക്കീൽ : യുവർ ഓണർ, ഞാനതിന്റെ സാങ്കേതികത്വം ചോദിച്ചു എന്ന് മാത്രമേയുള്ളൂ അക്കാര്യത്തിൽ കൂടുതൽ നടപടി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
ജഡ്ജ് : അങ്ങനെയല്ല വക്കീലേ.. നമുക്ക് 'എന്തെങ്കിലും' ചെയ്തു മുന്നോട്ടു പോയിട്ട് കാര്യമില്ല. നമുക്കൊക്കെ ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ട്.
ജഡ്ജ് (ക്ലർക്കിനെ വിളിച്ചുകൊണ്ട്) : എൻറെ ലാപ്ടോപ്പ് ഉണ്ട് അവിടെ, അത് ഒന്ന് എടുത്തിട്ട് വരൂ. അതിൽ സിഡി പ്രവർത്തിപ്പിക്കാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത് കുറച്ചു പഴക്കമുള്ളതാണ്.
കമ്പ്യൂട്ടർ കൊണ്ടുവന്നു സിഡി അതിൽ പ്രവർത്തിപ്പിച്ച് ഓരോ ഫോട്ടോകളും ജഡ്ജ് തുറന്നു നോക്കി.
ജഡ്ജ് : ഇതിൽ എത്ര ഫോട്ടോ ഉണ്ടെന്നാണ് താങ്കൾ പറഞ്ഞത് ?
സാക്ഷി : 26 ഫോട്ടോകൾ.
ജഡ്ജ് : ഇതിൽ 24 എണ്ണമേ കാണുന്നുള്ളൂ.
സാക്ഷി : ക്ഷമിക്കണം, 24 എണ്ണം ആണ്, പറഞ്ഞപ്പോൾ മാറിപ്പോയതാണ്.
ജഡ്ജ് (ദേഷ്യത്തോടെ) : നിങ്ങൾക്ക് തമാശ കളിക്കാനുള്ള സ്ഥലം അല്ല ഇത്. താങ്കൾ പറഞ്ഞതെല്ലാം ഞാൻ എഴുതിവെക്കുന്നുണ്ട്.
പോലീസിനെയും പ്രോസിക്യൂഷനേയും അപ്പാടെ വിശ്വസിച്ച് ആ ജഡ്ജ് അത് 26 എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലോ? വളരെ ചെറിയ കാര്യമെന്ന് നമുക്ക് തോന്നാം പക്ഷേ കേസിലെ നിർണായ തെളിവുകളിലൊന്നാണ് . അതിൽ തന്നെയുള്ള വൈരുദ്ധ്യം ഒരു നിരപരാധിയെ ശിക്ഷിക്കാനോ ഒരു അപരാധി രക്ഷപ്പെടാനോ കാരണമായേക്കാം.
ഇതുപോലെ പോലീസും പ്രോസിക്യൂഷനും എഴുതി പിടിപ്പിക്കുന്നതെല്ലാം സത്യമെന്ന് കരുതി നമ്മുടെ സമൂഹവും മാധ്യമങ്ങളും പലർക്കും ശിക്ഷ വിധിക്കാറുണ്ട്. നീതിന്യായ കോടതികൾക്ക് വേണ്ടത് തെളിവുകൾ ആണ്. തെളിവുകൾ സത്യസന്ധവും സംശയമുക്തവും ആകുമ്പോൾ മാത്രമേ നീതി നടപ്പിലാക്കാനാകൂ എന്ന് ഇത്രയും ചെറിയൊരു കാര്യത്തിന് വേണ്ടി കോടതിയുടെ വിലപ്പെട്ട സമയം മാറ്റിവെച്ചുകൊണ്ട് ജഡ്ജ് കാണിച്ചു തന്നു.
.jpeg)
👍👍
ReplyDelete❤️
DeleteKeep posting. Good writing, great experiences 👍
ReplyDeleteThank you 🥲😍
Delete