സാക്ഷി കൂറുമാറിയാൽ..

അഡീഷണൽ ജില്ലാ / സെഷൻസ് കോടതി മഞ്ചേരി
29 - 09 - 2023 വെള്ളിയാഴ്ച :

ഭർത്താവുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ഭാര്യ ചെറിയ മകനേയും എടുത്ത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കവേ മകൻ മരണപ്പെടുകയും  ഭാര്യയ രക്ഷപ്പെടുത്തുകയും ഉണ്ടായി. മകൻറെ മരണത്തിൽ ഭാര്യയെ പ്രതിചേർത്ത് ഭർത്താവ് നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം.
പ്രതിയായ ഭാര്യ പ്രതിക്കൂട്ടിലും പരാതിക്കാരനും ഒന്നാം സാക്ഷിയുമായ ഭർത്താവ് സാക്ഷിക്കൂട്ടിലുമുണ്ട്.

പ്രോസിക്യൂട്ടർ : താങ്കളുടെ മകൻ എങ്ങനെയാണ് കൊല്ലപ്പെട്ടത് ?

സാക്ഷി : എനിക്കറിയില്ല.

പ്രോസിക്യൂട്ടർ : അതെന്താണ് നിങ്ങളുടെ മകനല്ലേ നിങ്ങൾ അന്വേഷിച്ചില്ലേ..?

സാക്ഷി : വയലിലൂടെ നടക്കുന്ന സമയത്ത് ഭാര്യയും മകനും കിണറ്റിലേക്ക് വഴുതി വീഴുകയായിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്.

പ്രോസിക്യൂട്ടർ : നിങ്ങളും ഭാര്യയും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് അവർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആ സമയത്ത് കുഞ്ഞ് കൊല്ലപ്പെടുകയും ആയിരുന്നു എന്ന് ഞാൻ പറഞ്ഞാൽ ..

സാക്ഷി : ശരിയല്ല.ഞങ്ങളുടെ ഇത്രയും കാലത്തെ ദാമ്പത്യ ജീവിതത്തിൽ ഇതുവരെ അങ്ങനെ ഒരു വഴക്കും ഉണ്ടായിട്ടില്ല.

പ്രോസിക്യൂട്ടർ: your honor, witness turned to hostile. (സാക്ഷി കൂറു മാറിയിരിക്കുന്നു).

ജഡ്ജ് : Witness turned to hostile. Now the prosecution can cross examine the witness. (സാക്ഷി കൂറു മാറിയിരിക്കുന്നു ഇനി പ്രോസിക്യൂഷന് സാക്ഷിയെ ക്രോസ് എക്സാമിനേഷൻ ചെയ്യാവുന്നതാണ്)

പ്രോസിക്യൂട്ടർ : നിങ്ങളുടെ ഭാര്യക്ക് വിവാഹസമയത്ത് ഉണ്ടായിരുന്ന ആഭരണങ്ങൾ എല്ലാം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു അല്ലേ ..?

സാക്ഷി : ....

സാക്ഷി കൂറുമാറുന്നതിന്റെ ഒരു നേർചിത്രമാണിത്. ഇവിടെ ഈ സാക്ഷിയെ കൊണ്ടുവന്നത് പ്രോസിക്യൂഷൻ ആണ് . അതായത് പരാതിക്കാരൻ ആയ ഈ സാക്ഷി നിൽക്കേണ്ടത് പ്രോസിക്യൂഷൻ ഭാഗത്താണ് . 

ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ പോലീസിൽ പരാതിപ്പെട്ട സമയത്ത് അല്ലെങ്കിൽ പോലീസ് മൊഴിയെടുത്ത സമയത്ത് നൽകിയ മൊഴിയുടെ വിപരീതമായി കോടതിയിൽ ചീഫ് എക്സാമിനേഷൻ സമയത്ത് എങ്കിലും മൊഴി മാറ്റിപ്പറഞ്ഞാൽ അയാൾ കൂറു മാറിയതായി കണക്കാക്കുന്നതാണ്. 

ആ സാക്ഷിയെ കൊണ്ടുവന്ന ഭാഗം (പ്രതിഭാഗം / വാദിഭാഗം ) അയാൾ കൂറുമാറിയതായി കോടതിയെ അറിയിച്ചാൽ കോടതി ആ ഭാഗത്തിന് അയാളെ ക്രോസ് വിസ്താരം നടത്താൻ അനുവാദം നൽകുന്നതാണ്.

പണത്തിനു വേണ്ടിയും ഭീഷണിക്ക് വഴങ്ങിയും മറ്റുള്ളവരെ രക്ഷിക്കാനായുമെല്ലാം കൂറുമാറുന്ന സാക്ഷികളുണ്ട്. സാക്ഷികളുടെ കൂറുമാറ്റം നമ്മുടെ നിയമ സംവിധാനങ്ങൾക്ക് എന്നും ഒരു വലിയ വെല്ലുവിളിയാണ്.

Comments

Post a Comment

Your comment is valuable for me.