പ്രതി കുറ്റം സമ്മതിച്ചാൽ ...



ഒട്ടുമിക്ക കേസുകളിലും പ്രതിയെ അറസ്റ്റ് ചെയ്തു കഴിഞ്ഞ് പോലീസ് വാർത്താസമ്മേളനം നടത്താറുണ്ട്. ആ സമയത്ത് കേസിനെ കുറിച്ച് പറയുകയും പ്രതി കുറ്റം സമ്മതിച്ചു എന്ന് പറയുകയും കേൾക്കാറുണ്ട്. 

കുറ്റം സമ്മതിച്ചെങ്കിൽ പിന്നെ എന്തിനാണ് മറ്റ് അന്വേഷണങ്ങളും, തെളിവെടുപ്പും, വിചാരണയുമെല്ലാം ?  പ്രതിയുടെ കുറ്റസമ്മതമൊഴി കോടതിയിൽ ഹാജരാക്കിയാൽ പോലീസിനും കോടതിക്കും  കാര്യങ്ങൾ എളുപ്പമാവില്ലേ ? വിചാരണയും മറ്റും നടത്തി കോടതിയുടെ വിലപ്പെട്ട സമയം കളയേണ്ടതുണ്ടോ ? 

എന്നിങ്ങനെയെല്ലാം ചിന്തിക്കാറുണ്ടാവും ചിലരെങ്കിലും.


കസ്റ്റഡിയിലുള്ള പ്രതിയെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും  എന്ത് വേണമെങ്കിലും പോലീസിന് പറയിപ്പിക്കാം. അതിൽ സത്യവും കള്ളവും ഉണ്ടാവും. പോലീസിന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിക്കുകയാണെങ്കിൽ  നിരപരാധികൾ ശിക്ഷിക്കപ്പെടാനും അപരാധികൾ രക്ഷപ്പെടാനും സാധ്യത ഏറെയാണ്.


അതുകൊണ്ടുതന്നെ പോലീസിനോട് പ്രതി പറയുന്ന ഒരു കാര്യവും കോടതിയിൽ ആ പ്രതിക്കെതിരെ ഉപയോഗിക്കാൻ പ്രോസിക്യൂഷനാവില്ല. പ്രതിയെ ചോദ്യം ചെയ്തു  കണ്ടെത്തുന്ന തെളിവുകൾ മാത്രമേ കോടതി മുഖവിലക്കെടുക്കൂ. 


ഇന്ത്യൻ തെളിവ് നിയമമനുസരിച്ച് പോലീസിനോട്  നൽകുന്ന കുറ്റസമ്മതമൊഴി ഒരു തെളിവല്ല. 


ഒരു കോടതിയിലോ അല്ലെങ്കിൽ ഒരു മജിസ്ട്രേറ്റിന് മുൻപിലോ നൽകുന്ന കുറ്റസമ്മതമൊഴി മാത്രമാണ് നിയമത്തിന്റെ കണ്ണിൽ വിലയുള്ളത്.


തനിക്കെതിരെയുള്ള ചാർജ് വായിച്ചു കേൾക്കുന്ന സമയത്ത് കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കോടതി ഓരോ പ്രതിയോടും ചോദിക്കുന്നതാണ്. ഗൗരവം കുറഞ്ഞ കേസുകളിൽ ആ സമയത്ത് കുറ്റം ചെയ്തു എന്ന് പ്രതി പറയുകയാണെങ്കിൽ നേരെ ശിക്ഷാ നടപടിയിലേക്ക് കടക്കുന്നതാണ്. ഗൗരവമേറിയ കേസുകളിൽ കുറ്റം സമ്മതിച്ചാലും ശിക്ഷയുടെ അനുപാതം നിർണ്ണയിക്കുന്നതിനായി വിചാരണ നടത്തുന്നതാണ്. 


ചെറിയ പിഴ ഈടാക്കുന്ന കേസുകളിൽ ഒക്കെ പ്രതികൾ ഇത്തരത്തിൽ കുറ്റം സമ്മതിച്ച് ശിക്ഷയായ പിഴ അടച്ച് പോകാറുണ്ട്. ഗൗരവമേറിയ കേസുകളിൽ ഇങ്ങനെ കുറ്റം സമ്മതിക്കുകയാണെങ്കിൽ പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നതിനാൽ കുറ്റം നിഷേധിക്കുകയും വിചാരണയിലേക്ക് കടക്കുകയുമാണ് ചെയ്യാറ്.


വിചാരണയിലേക്ക് കടന്നാൽ തനിക്ക് അനുകൂലമായി സാക്ഷി മൊഴികളും തെളിവുകളും ഉണ്ടായാൽ ശിക്ഷയുടെ കാഠിന്യം കുറയുമെന്നോ നിരപരാധിയാണെങ്കിൽ നിരുപാധികം വിട്ടയക്കും എന്നോയുള്ള  പ്രതീക്ഷയിലാണ് പ്രതികൾ കുറ്റം നിഷേധിക്കുന്നത്.

Comments