ശാബാ ശരീഫ് വധക്കേസ്

അഡീഷണൽ ജില്ലാ സെഷൻസ് കോടതി മഞ്ചേരി : 20/09/2023 ബുധൻ

പതിവില്ലാത്ത വിധം വരാന്തയിലും കോടതിമുറിയിലും നിയമ വിദ്യാർത്ഥികളും ജൂനിയർ വക്കീലന്മാരും മറ്റുള്ളവരും നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ തന്നെ ഊഹിച്ചു പ്രമാദമായ ഏതെങ്കിലും കേസ് ഇന്നത്തേക്ക് വെച്ചിട്ടുണ്ടാവണം.

കേസ് നമ്പർ വിളിച്ചപ്പോൾ കൂട്ടിൽ കയറിയ പ്രതികളെയും വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയ  പ്രതികളെയും കണ്ടപ്പോൾ തന്നെ കേസ് ഏതാണെന്ന് വ്യക്തമായി. 

ചികിത്സ രഹസ്യങ്ങൾ കൈക്കലാക്കാനായി പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുവന്ന് ഒരു വർഷം തടഞ്ഞുവെച്ച് പീഡിപ്പിച്ച്  കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ  ആരോപിക്കുന്ന നിലമ്പൂരിലെ കേസാണ് കോടതിയിൽ. 

കോടതിയിൽ ആളുകൂടിയതിന് മറ്റൊരു കാരണം ഏഴാം പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ്, സുപ്രസിദ്ധ ക്രിമിനൽ അഭിഭാഷകൻ സാക്ഷാൽ ' ബി എ ആളൂർ ' 

ഇന്നലെ കോടതിയിൽ നടന്നതിന്റെ  ചുരുക്ക രൂപം :

👉 കൊല്ലപ്പെട്ട വൈദ്യന്റെ ഭാര്യ (ഒന്നാം സാക്ഷി ) കോടതി ഉത്തരവ് പ്രകാരം അയാളുടെ ഒറിജിനൽ ഇലക്ഷൻ ഐഡി  ഹാജരാക്കി.

👉 കേസിൽ മൈസൂർ പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ട് (FIR), പ്രഥമവിവര മൊഴി (FIS), ഫൈനൽ റിപ്പോർട്ട് എന്നിവയുടെ ഒറിജിനൽ കോടതിയിൽ ഹാജരാക്കി.

👉 മൈസൂർ സ്വദേശികളായ സാക്ഷികളെ വിസ്തരിക്കുന്നതിനായി പരിഭാഷകനെ വെക്കാൻ പ്രോസിക്യൂഷൻ ഹരജി നൽകിയിരുന്നു , അത് പ്രകാരം പരിഭാഷകരുടെ ഒരു പാനൽ ലിസ്റ്റ് നൽകാൻ കോടതി ആവശ്യപ്പെട്ടതാണ് . പ്രോസിക്യൂഷൻ നൽകിയ പാനലിൽ ഉള്ളവരുടെ വിദ്യാഭ്യാസ യോഗ്യതകൾ ഒന്നും  രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ   പ്രതിഭാഗം അഭിഭാഷകർ ശക്തമായി എതിർത്തു. ഇരുഭാഗങ്ങൾക്കും സ്വീകാര്യമായ മറ്റൊരു പാനൽ എത്രയും പെട്ടെന്ന് നൽകാൻ കോടതി വീണ്ടും വാക്കാൽ പറഞ്ഞു.

👉 സംഭവസ്ഥലമായ വീട് സന്ദർശിക്കാനുള്ള അനുവാദം തേടി ഒന്നാംപ്രതിയുടെ അഭിഭാഷകൻ നൽകിയ ഹരജി അനുവദിക്കുന്നതിൽ എതിർപ്പുണ്ടോയെന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു. തെളിവ് ശേഖരണം എല്ലാം കഴിഞ്ഞതിനാൽ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.   ഹരജി അടുത്ത തവണ അനുവദിക്കാം എന്നും സന്ദർശനം കേസന്വേഷണ ഉദ്യോഗസ്ഥന്റെ സമ്മതത്തോടെയും സാന്നിധ്യത്തിലും ആയിരിക്കണം എന്നും കോടതി ഓർമിപ്പിച്ചു.

🔜 കേസ് 26/09/2023 ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

Comments