ശാബാ ശരീഫ് വധക്കേസ്

അഡീഷണൽ ജില്ലാ സെഷൻസ് കോടതി I മഞ്ചേരി :

11/09/2023 തിങ്കൾ :

SC 1370/2022 , നിലമ്പൂർ ക്രൈം 280/2022  എന്ന കേസ് നമ്പർ വിളിച്ചു. പത്തിലധികം പ്രതികൾ കോടതിയിലേക്ക് കയറിവന്ന് , പ്രതിക്കൂട്ടിലും പുറത്തുമായി നിരന്നു നിന്നു . 


പോലീസ് റിപ്പോർട്ടടക്കമുള്ള രേഖകൾ പരിശോധിച്ചും , പ്രതിഭാഗവും പ്രോസിക്യൂഷൻ ഭാഗവും കേട്ടും പ്രഥമ ദൃഷ്ട്യാ പ്രതികൾ കുറ്റം ചെയ്തതായി കണ്ട് പ്രതികൾക്കെതിരെയുള്ള ചാർജ് ഫ്രെയിം ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയാണ് കോടതി .

തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങൾ ഏതെല്ലാം എന്ന് പ്രതികൾക്കും വ്യക്തമായി അറിയാനാണ് ചാർജ് ഫ്രെയിം ചെയ്യുന്നത്. ഇത് പ്രതികൾക്ക് വായിച്ചു കേൾപ്പിക്കുകയും ഈ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് പ്രതികളോട് കോടതി  ചോദിക്കുകയും ചെയ്യും. 


ഗൗരവം കുറഞ്ഞ കേസുകളിൽ ആ സമയത്ത് പ്രതികൾ കുറ്റം സമ്മതിക്കുകയാണെങ്കിൽ മറ്റു നടപടികളിലേക്ക് കടക്കാതെ തന്നെ ശിക്ഷ വിധിക്കുന്നതാണ്. പ്രതികൾ കുറ്റം നിഷേധിക്കുകയാണെങ്കിൽ മാത്രമേ വിചാരണയിലേക്ക് കടക്കുകയുള്ളൂ.   ഗൗരവമേറിയ കേസുകളിൽ കുറ്റം സമ്മതിച്ചാലും ശിക്ഷയുടെ അനുപാതം നിർണ്ണയിക്കുന്നതിനായി വിചാരണ നടത്തുന്നതാണ്. 


മേൽ  കേസിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ താഴെപ്പറയുന്ന വിധമാണ്:


    1.ഐപിസി സെക്ഷൻ 302: കൊലപാതകം.

    2.ഐപിസി സെക്ഷൻ 120 B : ക്രിമിനൽ ഗൂഢാലോചന .

    3.ഐപിസി സെക്ഷൻ 365 : തടവിൽ പാർപ്പിക്കാനായി തട്ടിക്കൊണ്ടുപോകൽ .

    4.ഐപിസി സെക്ഷൻ 344 : പത്തോ അതിലധികം ദിവസമോ തടവിലാക്കൽ.

    5.ഐപിസി സെക്ഷൻ 109 : കുറ്റകൃത്യം ചെയ്യാനായി പ്രേരിപ്പിക്കുന്നത്

    6.ഐപിസി സെക്ഷൻ 201 : തെളിവ് നശിപ്പിക്കുന്നത്

    7.ഐപിസി സെക്ഷൻ 212 : കുറ്റവാളികൾക്ക് അഭയം നൽകുന്നത്. 


ഇത്രയും വായിച്ചപ്പോൾ തന്നെ പ്രമാദമായ ഈ കേസിന്റെ പിന്നാമ്പുറ സംഭവവികാസങ്ങൾ നിങ്ങളുടെ മനസ്സിലേക്ക് എത്തിയിട്ടുണ്ടാകുമെന്ന് കരുതുന്നു.  

ചികിത്സ രഹസ്യങ്ങൾ മനസ്സിലാക്കാനായി പാരമ്പര്യ വൈദ്യൻ ഷാബ ശരീഫിനെ തട്ടിക്കൊണ്ടുവന്ന് ഒരു വര്‍ഷം നിലമ്പൂരിലെ വീട്ടിൽ ബന്ദിയാക്കി പിന്നീട് കൊലപ്പെടുത്തി തെളിവ് നശിപ്പിച്ച പ്രതികളാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്.

കേസ് 20/09/2023 ലേക്ക് മാറ്റി.

Comments