നിങ്ങൾ പോലീസിൻറെ വക്താവല്ല , കോടതിയുടെ ഭാഗമാണ്

.............................. കോടതി മഞ്ചേരി:
( ചില പ്രത്യേക കാരണങ്ങളാൽ കോടതിയുടെ പേരും കേസ് നമ്പറും എഴുതാൻ സാധ്യമല്ല)
27/09/2023 ബുധനാഴ്ച :

കേസ് നമ്പർ വിളിച്ചു , പ്രോസിക്യൂട്ടറും പ്രതിഭാഗം അഭിഭാഷകനും എഴുന്നേറ്റുനിന്നു . മുൻകൂർജാമ്യ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.

ജഡ്ജ് : എന്താണ് കേസ് ?

പ്രോസിക്യൂട്ടർ : പ്രതി പരാതിക്കാരന് കമ്പോഡിയയിലെ ഒരു കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുകയും അത് പ്രകാരം പണം കൈപ്പറ്റുകയും ചെയ്തു. കമ്പോഡിയയിലെത്തിയ പരാതിക്കാരന് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്ന് മാത്രമല്ല നിയമവിരുദ്ധമായ പല ജോലികളും ബലമായി ചെയ്യിപ്പിക്കുകയും ഉണ്ടായി. വളരെ സാഹസികമായി അവിടെ നിന്നും രക്ഷപ്പെട്ടാണ് പരാതിക്കാരൻ തിരിച്ചു നാട്ടിലെത്തിയത് യുവർ ഓണർ..

പ്രതിഭാഗം : ഇതൊന്നുമല്ല യാഥാർത്ഥ്യം യുവർ ഓണർ . പ്രതിയെ കുടുക്കാൻ പരാതിക്കാരനും പോലീസും ചേർന്ന് മെനഞ്ഞെടുത്ത ഒരു കഥയാണിത്.

പ്രോസിക്യൂട്ടർ : യുവർ ഓണർ , ഒരു കാര്യം കൂടി , ഈ കേസിലെ പരാതിക്കാരനെ പ്രതിയുടെ കമ്പനി കമ്പോഡിയയിൽ എത്തിച്ചത് CIA സിനിമയുടെ കഥയെ അനുസ്മരിപ്പിക്കുന്ന വിധമാണ്. കാടും കടലും എല്ലാം കടന്ന് നിയമവിരുദ്ധമായ വഴികളിലൂടെ എല്ലാമാണ് എത്തിച്ചത്.

ജഡ്ജ് : പ്രതിഭാഗം അഭിഭാഷകന് എന്താണ് പറയാനുള്ളത് ?

പ്രതിഭാഗം : യുവർ ഓണർ മേൽപ്പറഞ്ഞ കമ്പനിയിൽ ഒരു ജോലി അവസരം ഉണ്ടെന്ന് മാത്രമാണ് പ്രതി പരാതിക്കാരനെ അറിയിച്ചിട്ടുള്ളത്. അതൊരു ഇൻഫർമേഷൻ മാത്രമാണ് , ഒരു സർവീസല്ല അതുകൊണ്ടുതന്നെ അതിന് ഒരു രൂപ പോലും വാങ്ങിയിട്ടുമില്ല. നിർഭാഗ്യവശാൽ പരാതിക്കാരന് ആ ജോലി ലഭിച്ചില്ലെന്നത് പ്രതിയുടെ പേരിൽ എങ്ങനെ കുറ്റപ്പെടുത്താനാവും ?

ജഡ്ജ് : പ്രോസിക്യൂട്ടർ, പണം വാങ്ങി ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു എന്ന് താങ്കൾ പറഞ്ഞതിന് വല്ല തെളിവുമുണ്ടോ ? 

പ്രോസിക്യൂട്ടർ : യുവർ ഓണർ , പോലീസിന്റെ FIR ൽ വ്യക്തമായി പറയുന്നുണ്ട്. മറ്റു തെളിവുകൾ പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണ സമയത്ത് ശേഖരിക്കുന്നതാണ്.

ജഡ്ജ് (ദേഷ്യത്തോടെ) : നിങ്ങൾ പോലീസിൻറെ വക്താവല്ല , കോടതിയുടെ ഭാഗമാണ്. പോലീസ് എന്തുവേണമെങ്കിലും എഴുതിപ്പിടിപ്പിക്കാം. ഇതിപ്പോൾ ഒരു സ്ഥിരം പണിയാണ്. ആരെങ്കിലും എന്തെങ്കിലും പരാതി കൊടുക്കുമ്പോൾ പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യുക , ശേഷം അന്വേഷിച്ച് തെളിവുകൾ കണ്ടെത്തി മറ്റു നടപടികളിലേക്ക് കടക്കുക. പിന്നീട് അയാൾ നിരപരാധി ആണെങ്കിലോ ? ഈ കേസിന്റെ കാര്യമല്ല ഞാൻ പറയുന്നത് പൊതുവായി പറയുന്നതാണ്. ഒരു തെളിവുമില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യുന്നത് നീതി നിഷേധമാണ്.

പ്രോസിക്യൂട്ടർ : സോറി യുവർ ഓണർ കുറ്റപത്രം ഇന്നാണ് എൻറെ കയ്യിൽ ലഭിച്ചത്. എനിക്കത് മുഴുവൻ വായിക്കാനുള്ള സമയം ലഭിച്ചില്ല. മറ്റെന്തെങ്കിലും തെളിവുകൾ ഉണ്ടോ എന്ന് പരിശോധിച്ചു ഉടനെ അറിയിക്കാം.

ജഡ്ജ് : കേസ് ഈ മാസം 29 ലേക്ക് മാറ്റിയിരിക്കുന്നു.

Comments