നിയമ പുസ്തകങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്നതല്ല നീതി
ജില്ലാ/സെഷൻസ് കോടതി മഞ്ചേരി:
കേസ് നമ്പർ വിളിച്ചു. പ്രതിയും സാക്ഷിയും അതാത് കൂട്ടിലേക്ക് കേറി. കൊലപാതക കേസിന്റെ സാക്ഷി വിസ്താരമാണ് നടക്കുന്നത്. സ്വന്തം വലിയച്ഛന്റെ മകനെ കൊന്ന കുറ്റമാണ് പ്രതിയിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്.
നാട്ടിലെ വിവാഹിതയായ ഒരു സ്ത്രീയുമായി പ്രതിക്കുള്ള അവിഹിത ബന്ധത്തെ ചോദ്യം ചെയ്തതിനുള്ള പക മനസ്സിൽ വെച്ച്, കുടുംബസ്വത്ത് വീതം വയ്ക്കുന്ന സമയത്തുണ്ടായ തർക്കത്തിനിടയിൽ സ്വന്തം വലിയച്ഛന്റെ മകനെ പ്രതി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ ഭാഷ്യം.
ദൃക്സാക്ഷികൾ അടക്കമുള്ളവരെ ഇതിനോടകം തന്നെ വിസ്തരിച്ചു കഴിഞ്ഞു. പ്രതിക്ക് അവിഹിതം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സ്ത്രീയുടെ ഭർത്താവാണ് സാക്ഷിക്കുട്ടിൽ നിൽക്കുന്നത്.
പ്രതിക്ക് തന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നതും പിന്നീട് ഭാര്യ തെറ്റ് തിരുത്തിയതും മാപ്പു നൽകി വീണ്ടും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതുമെല്ലാം ചീഫ് എക്സാമിനേഷൻ സമയത്ത് സാക്ഷി കോടതിയോട് പറഞ്ഞു.
അടുത്തത് പ്രതിഭാഗം വക്കീൽ ചോദ്യം ചോദിക്കുന്ന സമയമാണ് 'ക്രോസ് എക്സാമിനേഷൻ' എന്ന് പറയും.
പ്രതിഭാഗം അഭിഭാഷകൻ : താങ്കളുടെ ഭാര്യക്ക് യഥാർത്ഥത്തിൽ എത്ര അവിഹിതബന്ധങ്ങൾ ഉണ്ടായിരുന്നു ?
എന്തു പറയണമെന്ന് അറിയാതെ ജഡ്ജിനെ നോക്കുന്നുണ്ട് സാക്ഷി. പ്രോസിക്യൂട്ടർ ഇടപെടുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ പ്രതിഭാഗം അഭിഭാഷകൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയാണ് .
പ്രതിഭാഗം അഭിഭാഷകൻ : ഈ ബന്ധങ്ങളിൽ എല്ലാം താങ്കളുടെ ഭാര്യ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് താങ്കൾക്ക് പറയാൻ പറ്റുമോ ?
ജഡ്ജ്: Enough, ask relevant questions only. Don't forget that they are still married and still staying together. (മതിയാക്കൂ, കേസിൽ പ്രസക്തിയുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കുക, അവർ ഇപ്പോഴും ഭാര്യ ഭർത്താക്കന്മാരാണെന്നും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും മറക്കരുത് )
കുറച്ചധികം ദിവസമായി ആ കോടതിയിൽ പോകാറുണ്ടായിരുന്നെങ്കിലും അന്ന് ആദ്യമായാണ് ആ ജഡ്ജ് ദേഷ്യപ്പെടുന്നതും അത്രയും കടുത്ത സ്വരത്തിൽ ഒരു അഭിഭാഷകനോട് സംസാരിക്കുന്നതായിട്ടും ഞാൻ കണ്ടത്.
വർഷങ്ങൾക്ക് മുമ്പ് എഴുതിവെച്ച നിയമ പുസ്തകങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്നതല്ല, നിയമങ്ങൾ വ്യാഖ്യാനിച്ച് നീതി നടപ്പിലാക്കുന്നതാണ് കോടതികളുടെ ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു അദ്ദേഹം.
.jpeg)
Comments
Post a Comment
Your comment is valuable for me.