മുഹമ്മദ് മുസ്ലിം v സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ്

4 - 8 - 1995 ന് രാവിലെ തന്റെ അയൽവാസി മുഹമ്മദ് മുസ്ലിമുമായുള്ള ഭൂമി തർക്കവുമായി ബന്ധപ്പെട്ട് റൂർക് കൺസോളിഡേഷൻ ഓഫീസിലേക്ക് പോകുകയായിരുന്നു അൽതാഫ് . സൈക്കിളിൽ വളരെ വേഗം പോകുന്ന അയാളുടെ തൊട്ടുപിറകിലായി തന്നെ  മകനും , സഹോദരന്റെ മകനും മറ്റു രണ്ടു സൈക്കിളുകളിലായുണ്ട്. 


വർഷങ്ങളായി തുടരുന്ന ഈ ഭൂമി തർക്കത്തിന് ഇന്നൊരു പരിഹാരം കാണാമെന്ന ഉദ്ദേശത്തോടെ എത്രയും പെട്ടന്ന് ഓഫീസിലെത്താൻ ആഞ്ഞ് ചവിട്ടുന്നുണ്ടയാൾ. തുടക്കത്തിൽ അയൽ വാസികൾ തമ്മിലുണ്ടാവുന്ന ചെറിയ പിണക്കമായി തന്നെ അൽതാഫും കണ്ടിരുന്നുള്ളൂ. പക്ഷെ ഇപ്പോൾ മുഹമ്മദിന്റെ മകൻ ശംഷാദുമായും ഇടക്കിടക്ക് ഈ കാര്യത്തിൽ വഴക്കിടേണ്ടിവരാറുണ്ട്.. ഇനിയും തുടർന്നാൽ പിന്നെ പ്രശ്നം ഗുരുതരമാകുമെന്ന് കരുതിയാണ് പരാതിപ്പെട്ടത്..


മനസ്സിൽ പല കാര്യങ്ങൾ ഓടിമറയുന്നുണ്ടെങ്കിലും വേഗത കുറഞ്ഞില്ല. റൂർക്കിന് തൊട്ടടുത്ത ജി.ഡി  റോഡിലേക്ക് കയറിയ ഉടനെ തന്നെ അൽതാഫിനു നേരെ രണ്ടു പേർ ചാടി വീണു. മഴു അടക്കമുള്ള ആയുധങ്ങളുമായി തലയിലും മുഖത്തും നെഞ്ചിലുമെല്ലാം തുടർച്ചയായി ആഞ്ഞു കൊത്തി അയാളെ ക്രൂരമായി ആക്രമിച്ചുകൊണ്ടിരുന്നു പ്രതികൾ .


മരണ വെപ്രാളത്തിലുള്ള അയാളുടെ നിലവിളി കേട്ട് അവിടെ ഉണ്ടായിരുന്ന താഹിർ , അഫ്സൽ എന്നിവർ ഓടി വന്ന് അക്രമികളെ കീഴ്പെടുത്താൻ നോക്കിയെങ്കിലും അവർ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞു. 


കൊല്ലപ്പെട്ട അൽതാഫിന്റെ മകൻ സലിം അഹമ്മദിന്റെ പരാതിയിൽ അന്ന് തന്നെ  മംഗളുരു പോലീസ് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


അന്വേഷണ ഉദ്യോഗസ്ഥൻ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികളും സംഭവ സ്ഥലത്തു നിന്നുള്ള തെളിവുകളായ ഒരു ജോഡി ഷൂ,  ഒരു ജോഡി ചെരിപ്പ്, ഒരു പുതപ്പ്, ഒരു സൈക്കിൾ എന്നിവ ബന്ധവസ്തിലെടുത്തു.


മൂന്നാം ദിവസം അൽതാഫിന്റെ അയൽവാസികളും ഭൂമിത്തർക്കത്തിലെ എതിർകക്ഷികളുമായ മുഹമ്മദ് മുസലിമിനേയും മകൻ ശംഷാദിനെയും  പോലീസ് അറസ്റ്റ് ചെയ്തു. അവർ കാണിച്ചു കൊടുത്ത പ്രകാരം ആയുധങ്ങളും കണ്ടെടുത്തു.


ഐ പി സി സെക്ഷൻ 302 ചേർത്ത്  പോലീസ് സമർപിച്ച കുറ്റപത്രത്തിന്മേൽ പ്രതികളെ റൂർക്ക് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെങ്കിലും പ്രതികൾ കുറ്റം നിഷേധിച്ചതിനാൽ കേസ് സെക്ഷൻസ് കോടതിയിലേക്ക് മാറ്റി  വിചാരണ നടപടികളിലേക്ക് കടന്നു.


 കുറ്റം ചെയ്തിട്ടില്ലെന്നും അവരെ അകാരണമായി തടവിലിട്ടിരിക്കുകയാണെന്നും വിചാരണ  വേളയിൽ പ്രതിഭാഗം അഭിഭാഷകൻ വാദിച്ചുവെങ്കിലും വിചാരണ പൂർത്തിയാക്കി കുറ്റവാളികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു സെക്ഷൻസ് കോടതി .  ആ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും വിധി ശരിവെക്കുകയാണുണ്ടായത്.


പിന്നീട് ബഹു : സുപ്രീം കോടതിയിൽ അപ്പീലായി എത്തിയ ഈ കേസിൽ കോടതി ചില നിരീക്ഷണങ്ങൾ  നടത്തുകയുണ്ടായി.


    1. ഭൂമി തർക്കവുമായി ബന്ധപ്പെട്ട കാര്യത്തിന് രാവിലെ പോയ അൽതാഫ് അക്രമിക്കപ്പെട്ടതും രാവിലെയാണ്. FIR പ്രകാരം കൊല്ലപ്പെട്ടത് രാവിലെ 9 മണിക്കും പോലീസ് എത്തിയത് 10 മണിക്കുമാണ്. 


അങ്ങനെയെങ്കിൽ അധികം വൈകാതെ തന്നെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എത്തേണ്ടതാണ്, പക്ഷെ അൽതാഫിന്റെ മൃതദേഹം വൈകുന്നേരമാണ് എത്തിയതെന്നും , സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോർട്ടം പാടില്ലാത്തതിനാൽ പിറ്റേന്നാണ് ചെയ്തതെന്നും ആശുപത്രി രേഖയുണ്ട്. അതിനാൽ തന്നെ കൊലപാതകം നടന്നത് രാവിലെയാണെന്നത് വിശ്വസിനീയമല്ല.


    2. സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത പുതപ്പും സൈക്കിളും പ്രതികളുടേതാണെന്ന് വാദിക്കുന്ന പ്രോസിക്യൂഷൻ അവ രണ്ടും കോടതിയിൽ ഹാജരാക്കുകയോ പ്രതികൾ തിരിച്ചറിയുകയോ ചെയ്തിട്ടില്ല.

    3.സംഭവ സമയം തൊട്ടുപിറകിലായി സൈക്കിളോടിച്ച മകനോ സഹോദരന്റെ മകനോ അൽതാഫിനെ രക്ഷിക്കാനോ പ്രതികളെ പിടിക്കാനോ ശ്രമിച്ചതായി മൊഴികളില്ല. 


    4.FIR രേഖപെടുത്തിയ സമയം 9 രാവിലെ 9 മണിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി. മകന്റെ മൊഴി പ്രകാരം പിതാവ് കൊല്ലപ്പട്ടത് 9 മണിക്കും, അയാൾ സ്റ്റേഷനിലെത്തി വിവരം പറഞ്ഞത് 9:50 മണിക്കും, പോലീസ് വന്ന് മൃതദേഹം കൊണ്ടു പോയത് 10  മണിക്കുമാണ്. 9:50 ന് ആണ് അയാൾ സ്റ്റേഷനിലെത്തിയതെങ്കിൽ 9 മണിക്ക് എങ്ങനെ FIR രജിസ്റ്റർ ചെയ്യും ?

    5.മകന്റെയും സഹോദരന്റെ മകന്റെയും മൊഴികളിലെ വൈരുദ്ധ്യം വളരെ വലുതാണ്. മാത്രമല്ല സ്വന്തം പിതാവ് അക്രമിക്കപെട്ടതിന് തൊട്ടുപിന്നാലെ തന്നെ മകൻ സ്റ്റേഷനിലേക്കും സഹോദരന്റെ മകൻ വീട്ടിലേക്കുമാണ് പോയത്. അൽതാഫിനെ ആശുപത്രിയിലേക്ക് മാറ്റാൻ ഇരുവരും ശ്രമിച്ചിട്ടില്ല.


ഈ വസ്തുതകളെല്ലാം പരിശോധിച്ച സുപ്രീം കോടതി വലിയ സംശയമാണ് പ്രകടിപ്പിച്ചത് . മക്കളുടെ അസ്വാഭാവിക പെരുമാറ്റവും , FIR ലെ സമയ തിരുത്തലുകളും , സംഭവ സ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത പുതപ്പും സൈക്കിളും കോടതിയിൽ ഹാജരാക്കാത്തതും തുടങ്ങി പോസ്റ്റുമോർട്ട നടപടികൾ വൈകിയത് വരെയുള്ള ഗുരുതര ക്രമക്കേടുകൾ ആ സംശയത്തിന് ബലം കൂട്ടുന്നുവെന്ന് ബഹു: സുപ്രീം കോടതി അഭിപ്രായപ്പെട്ടു.


കുറ്റമാരോപിക്കപ്പെട്ട രണ്ടു പേരാണ് യഥാർതത്തിൽ ഈ കുറ്റം ചെയ്തതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി  27 വർഷങ്ങൾക്ക് ശേഷം രണ്ട് പ്രതികളെയും നിരുപാധികം വിട്ടയക്കുകയാണ് സുപ്രീം കോടതി ചെയ്തത്.


നേരിട്ട് ദൃസ്സാക്ഷികളില്ലാത്ത ഇത്തരം കേസുകളിൽ സാഹചര്യത്തെളിവുകൾക്കാണ് പ്രാധാന്യം. അത് കൃത്യമായി കോടതിയിൽ സമർപ്പിക്കാൻ സാധിക്കാത്തത് പ്രോസിക്യൂഷന്റെ പരാജയവും നീതി നിഷേധവുമാണന്ന് ഈ കേസ് സുചിപിക്കുന്നു. 


മുഹമ്മദും മകൻ ശംഷാദുമാണ് യഥാർത്ഥ പ്രതികളെങ്കിൽ ഇപ്പോൾ അവരെ വെറുതെ വിട്ടത് കൊല്ലപ്പെട്ട അൽതാഫിനോടുള്ള നീതി നിഷേധമാണ്. ഇനി അവരല്ല യഥാർത്ഥ പ്രതികളെങ്കിൽ 27 വർഷം അവരെ പ്രതികളാക്കിയ നമ്മുടെ നിയമ സംവിധാനവും അതിനേക്കാൾ വലിയ നീതി നിഷേധമാണ് ചെയ്തത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന അടിസ്ഥാന തത്വമാണ് നമ്മൾ തുടരുന്നത്.

Comments

Post a Comment

Your comment is valuable for me.